മാലിന്യ നിര്‍മാര്‍ജന ഉത്തരവ്: 19ന് കട്ടപ്പനയില്‍ കടയടച്ച് പ്രതിഷേധിക്കും
മാലിന്യ നിര്‍മാര്‍ജന ഉത്തരവ്: 19ന് കട്ടപ്പനയില്‍ കടയടച്ച് പ്രതിഷേധിക്കും

ഇടുക്കി : മാലിന്യ പ്രശ്‌നം വ്യാപാരികളില്‍ അടിച്ചേല്‍ക്കുന്ന ഉത്തരവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കട്ടപ്പനയില്‍ കടകള്‍ അടച്ചിടും. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് റാലിയും നഗരസഭാ ഓഫീസ് പടിക്കല്‍ ധര്‍ണയും നടത്തും. എല്ലാ കടകളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ കൂടി തള്ളുന്ന മാലിന്യം ഉള്‍പ്പെടെ തരംതിരിച്ച് ഫീസ് നല്‍കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് പ്രതിഷേധം. വീഴ്ച വരുത്തുന്ന വ്യാപാരികളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കണമെന്നും നിര്‍ദേശമുണ്ട്.
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി കെ.പി. ഹസ്സന്‍, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ്, ജില്ലാ സെക്രട്ടറി പി.കെ. മാണി, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി റോസമ്മ മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: എം.കെ. തോമസ്, ജനറല്‍ സെക്രട്ടറി കെ. പി. ഹസ്സന്‍, ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടി, പി.കെ. ജോഷി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






