കമ്പംമെട്ട് വണ്ണപ്പുറം പാത നിര്‍മാണം വീണ്ടും വിവാദത്തില്‍ : നിര്‍മാണ കാലയളവില്‍ തന്നെ ടാറിങ് ഇളകി തുടങ്ങി
കമ്പംമെട്ട് വണ്ണപ്പുറം പാത നിര്‍മാണം വീണ്ടും വിവാദത്തില്‍ : നിര്‍മാണ കാലയളവില്‍ തന്നെ ടാറിങ് ഇളകി തുടങ്ങി

ഇടുക്കി: കമ്പംമെട്ട്- വണ്ണപ്പുറം പാതയുടെ നിര്‍മാണം വീണ്ടും വിവാദത്തില്‍. മുമ്പ് മുണ്ടിയെരുമയില്‍ ടാറിങ് നടത്തിയ ഉടനെ ടാറിങ് പൊളിഞ്ഞന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ടാറിങ് ഉറയ്ക്കാന്‍ 72 മണിക്കൂര്‍ സമയം വേണമെന്നായിരുന്നു കരാര്‍ കമ്പനിയുടെ വിശദീകരണം. ടാറിങ് ഉറക്കുന്നതിന് മുമ്പ് റോഡ് പൊളിച്ചെന്ന് ആരോപിച്ച് നാട്ടുകാരായ 12 പേര്‍ക്കെതിരെ കേസ് എടുക്കുകയും എട്ട് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് റോഡ് പൊളിഞ്ഞതിന് സമീപ മേഖലയില്‍ നിരവധി ഭാഗങ്ങളില്‍ റോഡ് വിണ്ടുകീറിയ അവസ്ഥയിലാണ്. ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുന്നതോടെ റോഡ് കൂടുതല്‍ നശിയ്ക്കാന്‍ സാധ്യതയുണ്ട്. റോഡിന്റെ വശങ്ങളിലെ കോണ്‍ക്രീറ്റിങ്ങിലും അപാകത ഉണ്ടെന്നാണ് ആരോപണം. അതോടൊപ്പം തൂകുപാലം ടൗണില്‍ അകാരണമായി റോഡ് ഉയര്‍ത്തിയത് സംബന്ധിച്ചും ആക്ഷേപം ഉയരുന്നുണ്ട്. മഴകാലത്ത് ടൗണിലെ വ്യാപാരം സ്ഥാപനങ്ങളില്‍ വെള്ളം കയറുന്ന രീതിയിലാണ് നിര്‍മാണം. മുന്‍ അലൈന്‍മെന്റില്‍ നിന്നും ഉയര്‍ത്തിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വന്‍ കട്ടിങ്ങും രൂപപെട്ടിട്ടുണ്ട്. കിലോമിറ്ററിന് രണ്ടുകോടി 75 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മിയ്ക്കുന്ന പാതയാണ് നിര്‍മാണ കാലയളവില്‍ തന്നെ പൊളിഞ്ഞുതുടങ്ങിയത്. കമ്പംമെട്ട് വണ്ണപ്പുറം പാതയുടെ ആദ്യ റീച്ച് നിര്‍മാണം 77 കോടി രൂപ മുതല്‍ മുടക്കിലാണ് നടക്കുന്നത്.
What's Your Reaction?






