എഴുകുംവയല്‍ കുരിശുമല കയറ്റം ഒരുക്കം പൂര്‍ണം
എഴുകുംവയല്‍ കുരിശുമല കയറ്റം ഒരുക്കം പൂര്‍ണം

ഇടുക്കി: ഇടുക്കി രൂപതയുടെ ഔദ്യോഗിക നോമ്പുകാല തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ ദുഃഖവെള്ളി ആചരണത്തിനും കുരിശുമല കയറ്റത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പരിഹാര പ്രദക്ഷിണം ദുഃഖവെള്ളിയാഴ്ച രാവിലെ 7ന് കുരിശുമല അടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് തിരുക്കര്‍മങ്ങള്‍ തീര്‍ഥാടക ദേവാലയത്തില്‍ നടക്കും. വിവിധ കമ്മിറ്റികളിലായി 500ലേറെ വോളന്റീയേഴ്‌സ് സജീവമായി പ്രവര്‍ത്തിക്കുന്നു. ദുഃഖവെള്ളിയാഴ്ച കുരിശുമലയിലെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ നേര്‍ച്ച കഞ്ഞി വിതരണം ചെയ്യും. അന്നേദിവസം രാവിലെ 5മുതല്‍ കട്ടപ്പനയില്‍ നിന്ന് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് ആരംഭിക്കും. നെടുങ്കണ്ടത്ത് നിന്ന് രാവിലെ 6. 30 മുതലും തോപ്രാംകുടി, മുരിക്കാശേരി, പാണ്ടിപ്പാറ, കുമളി, ഉപ്പുതറ എന്നിവിടങ്ങളില്‍ നിന്നും സ്വാകര്യ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. മല അടിവാരത്തും, ഇടവക പള്ളി പരിസരത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കല്‍ സൗകര്യവും, ആംബുലന്‍സ് സേവനവും, വിശ്രമ കേന്ദ്രവും, ഓഫീസ് അനൗണ്‍സ്‌മെന്റും ക്രമീകരിച്ചിട്ടുണ്ട്. കുരിശുമലയില്‍ എത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും കുരിശുമലയിലെ വിശുദ്ധ രൂപങ്ങള്‍ സന്ദര്‍ശിക്കുന്നതിനും, പ്രാര്‍ഥിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കട്ടപ്പനയില്‍ നിന്നുള്ള വാഹനങ്ങള്‍ ഇരട്ടയാര്‍ -വലിയതോവാള - അഞ്ചുമുക്ക് വഴിയും, നെടുങ്കണ്ടം ഭാഗങനിന്നും ഉള്ള വാഹനങ്ങള്‍ ചേമ്പളം - കൗന്തി വഴിയും, ഇടുക്കി - തങ്കമണി ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ശാന്തി ഗ്രാം - വെട്ടിക്കാമറ്റം വഴിയും, അടിമാലി - ചിന്നാര്‍ ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഈട്ടിത്തോപ്പ് - പുത്തന്‍ പാലം വഴിയും, മഞ്ഞപ്പാറ ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ തൂവല്‍ - കൈലാസ നഗര്‍ വഴിയും മലയടിവാരത്ത് എത്തേണ്ടതാണ്. വാഹന സംബന്ധമായ വിശദവിവരങ്ങള്‍ക്ക് 9447521827 എന്ന നമ്പറില്‍ ബന്ധപ്പെടാം.
What's Your Reaction?






