അംബേദ്ക്കര്‍-അയ്യങ്കാളി സ്മൃതി മണ്ഡപ നവീകരണം: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ ബഹളം: ആത്മഹത്യ ഭീഷണി മുഴക്കി കൗണ്‍സിലര്‍
അംബേദ്ക്കര്‍-അയ്യങ്കാളി സ്മൃതി മണ്ഡപ നവീകരണം: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ ബഹളം: ആത്മഹത്യ ഭീഷണി മുഴക്കി കൗണ്‍സിലര്‍

ഇടുക്കി: കട്ടപ്പനയിലെ അംബേദ്ക്കര്‍-അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് മേല്‍ക്കൂരയും ചുറ്റുമതിലും നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതിനെ ചൊല്ലി കട്ടപ്പന നഗരസഭ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ ബഹളം. ഫണ്ട് ചെലവഴിക്കുന്നതിനെ ഭരണകക്ഷി അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജു കേശവന്‍ ആത്മഹത്യ ഭീഷണി മുഴക്കി.
നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നഗരസഭയുടെ അധീനതയിലുള്ള മിനി സ്റ്റേഡിയത്തിന് സമീപം അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപം നിര്‍മിച്ചത്. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 495000 രൂപ റൂഫിങ്ങിനും ചുറ്റുമതിലിനുമായി അനുവദിച്ചു. ഇത് ഉടന്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മഹാത്മാഗാന്ധിയുടെ പ്രതിമ നവീകരിക്കുന്നതിനൊപ്പം അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപവും നവീകരിക്കാമെന്ന വാദമുയര്‍ന്നതയോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടായത്. ഗാന്ധി പ്രതിമയും അയ്യങ്കാളി അംബേദ്കര്‍ പ്രതിമകളും എല്ലാം ഒരേ സ്ഥലത്ത് സ്ഥാപിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. മിനി സ്റ്റേഡിയം മറവ് ചെയ്യപ്പെടുക, എന്‍ എച്ച് നവീകരണത്തില്‍ ഭൂമി നഷ്ടപ്പെടുക, ഹൗസിങ് ബോര്‍ഡ്,നഗരസഭ സ്ഥലം അളന്ന് തിരിക്കുന്നതില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും നിലനില്‍ക്കുന്നു. വിഷയം വിശദമായി പഠിച്ച് നടപടി സ്വീകരിക്കുന്നതിന് സ്റ്റീയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി
പറഞ്ഞു. നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായ 32,33 വാര്‍ഡുകളിലെ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കള്‍ വാങ്ങി നല്‍കിയ ഭൂമി നഗരസഭ ആസ്തിയില്‍ ചേര്‍ക്കുന്നതിന് കൗണ്‍സിലില്‍ തീരുമാനമായി . 14 അജണ്ടകളാണ് കൗണ്‍സില്‍ പരിഗണിച്ചത്. ഫങ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ്പ് കണക്ഷന്‍ നല്‍കുന്നത്, ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച കുളം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുന്നത്, വാര്‍ധക്യ പെന്‍ഷന്‍ അംഗീകരിച്ച ലിസ്റ്റുകള്‍, അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് കട്ടപ്പന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായി.
What's Your Reaction?






