കാഞ്ചിയാര്‍ പഞ്ചായത്തിലെ 4 റോഡുകള്‍ക്ക് 11.85 കോടി: നിര്‍മാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
കാഞ്ചിയാര്‍ പഞ്ചായത്തിലെ 4 റോഡുകള്‍ക്ക് 11.85 കോടി: നിര്‍മാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

ഇടുക്കി: ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നരിയമ്പാറ- കല്‍ത്തൊട്ടി- വെള്ളിലാംകണ്ടം റോഡിന്റെ ബിഎംബിസി നിലവാരത്തിലുള്ള നവീകരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പത് വര്‍ഷം മുമ്പുള്ള കേരളമല്ല ഇപ്പോള്‍. പശ്ചാത്തല സൗകര്യ വികസനത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. പൊതുമരാമത്തിന്റെ 50 ശതമാനത്തിലേറെ പാതകള്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ 17,000 കിലോമീറ്റര്‍ റോഡുകള്‍ ഈ നിലവാരത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. 10.6 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന നരിയമ്പാറ- വെള്ളിലാംകണ്ടം റോഡ് നാടിന്റെ മുഖച്ഛായ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന ലബ്ബക്കട- കല്‍ത്തൊട്ടി, കല്‍ത്തൊട്ടി- വെങ്ങാലൂര്‍ക്കട നഗര്‍, വെള്ളിലാംകണ്ടം- കിഴക്കേമാട്ടുക്കട്ട എന്നീ റോഡുകളുടെ ശിലാഫലകം മന്ത്രി റോഷി അഗസ്റ്റിന്‍ അനാഛാദനം ചെയ്തു. നരിയമ്പാറ- കല്‍ത്തൊട്ടി- വെള്ളിലാംകണ്ടം റോഡ് ശബരിമല റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.6 കോടി രൂപ ചെലവഴിച്ച് ബിഎം ബിസി നിലവാരത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി കല്‍ത്തൊട്ടി- വെങ്ങാലൂര്‍ക്കട നഗര്‍ റോഡ് 45 ലക്ഷവും കല്‍ത്തൊട്ടി- ലബ്ബക്കട റോഡ് 40 ലക്ഷവും വെള്ളിലാംകണ്ടം- കിഴക്കേമാട്ടുക്കട്ട റോഡ് 40 ലക്ഷവും ചെലവഴിച്ച് നിര്‍മിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, തങ്കമണി സുരേന്ദ്രന്‍, ജോമോന്‍ തെക്കേല്‍, മാത്യു ജോര്‍ജ്, വി ആര്‍ ശശി, അഭിലാഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






