ചാണകം ഉണക്കാനിട്ട ക്ഷീരകര്‍ഷകന് പിഴ: വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതി
ചാണകം ഉണക്കാനിട്ട ക്ഷീരകര്‍ഷകന് പിഴ: വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതി

ഇടുക്കി: ചാണകം ഉണക്കാന്‍ ഇട്ട ക്ഷീരകര്‍ഷകന് ചക്കുപള്ളം പഞ്ചായത്ത് പിഴ ചുമത്തി എന്ന വാര്‍ത്ത തെറ്റിദ്ധാരണ ജനകമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന. കഴിഞ്ഞ ദിവസമാണ് ചക്കുപള്ളം പഞ്ചായത്തിന്റെ അതിര്‍ത്തിയായ കുരുവിക്കാട്ടുപാറയില്‍ ചാണകം ഉണക്കാനിട്ടതിന്റെ പേരില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരങ്ങള്‍ നേടിയ ചെല്ലാര്‍കോവില്‍ സ്വദേശി ബിജു ദേവസ്യ ഓലിക്കരക്ക് 10000രൂപ പഞ്ചായത്ത് പിഴയിടാക്കിയത്. തൊട്ടടുത്ത അതിര്‍ത്തിയായ വണ്ടന്‍മേട് പഞ്ചായത്ത് എന്നാല്‍ പിഴ ഈടാക്കിയില്ലെന്നും നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തതെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതിനെതുടര്‍ന്ന് ചക്കുപള്ളം പഞ്ചായത്തിനെതിരെ ആക്ഷേപങ്ങള്‍ ഉയരുകയും എന്നാല്‍ ചില മാധ്യമങ്ങളും തല്‍പരകക്ഷികളും രാഷ്ട്രീയ താല്‍പര്യത്തോടെ നടത്തിയ വാര്‍ത്താ പ്രചാരണമാണെന്നും അതില്‍ വാസ്തവം ഇല്ലെന്നും ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രദേശത്ത് ചാണകം ഉണങ്ങാന്‍ ഇടുന്നതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ വകുപ്പ് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി പിഴ ചുമത്തിയതും നടപടിക്രമത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് സെക്രട്ടറി മുഖേന നോട്ടീസ് നല്‍കി പിഴ ഈടാക്കിയതും. പഞ്ചായത്ത് നേരിട്ടെടുത്ത നടപടി അല്ലെന്നും സ്‌ക്വാഡ് പഞ്ചായത്തിന് കൊടുത്ത നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് ഭരണസമിതി എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ പഞ്ചായത്ത് സ്വീകരിക്കുമെന്നും പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന അറിയിച്ചു.
What's Your Reaction?






