ഇരട്ടയാര്‍ മേഖലയില്‍ ലഹരി വില്‍പ്പന സജീവം: പിടിമുറുക്കി പൊലീസും എക്സൈസും: വിപണനത്തിന് പുതിയ വഴി തേടി ഇടനിലക്കാര്‍ 

  ഇരട്ടയാര്‍ മേഖലയില്‍ ലഹരി വില്‍പ്പന സജീവം: പിടിമുറുക്കി പൊലീസും എക്സൈസും: വിപണനത്തിന് പുതിയ വഴി തേടി ഇടനിലക്കാര്‍ 

Mar 12, 2026 - 11:11
 0

1.

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ലഹരി മാഫിയ സംഘം സജീവം. ഇവരെ പിടികൂടാന്‍ പൊലീസും എക്സൈസും പരിശോധനകള്‍ ശക്തമാക്കുമ്പോഴും കഞ്ചാവുള്‍പ്പെടെയുള്ളവയുടെ വിപണനത്തിന് പുതിയ വഴികള്‍ തേടുകയാണ് ഇടനിലക്കാര്‍. കഴിഞ്ഞദിവസം ഇരട്ടയാര്‍ അയ്യമലപ്പടിക്കുസമീപം റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍നിന്ന് 3 പൊതികളിലായി സൂക്ഷിച്ചിരുന്ന 17 ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിസരത്ത് അപരിചിതരായ യുവാക്കളുടെ സാന്നിധ്യം മനസിലാക്കിയ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് റോഡരികിലെ മാലിന്യത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ ഇരട്ടയാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. കഞ്ചാവ് ഇവിടെ കൊണ്ടുവന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞദിവസം കാഞ്ചിയാര്‍ സ്വരാജിലും സമാന രീതിയില്‍ പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു. വില്‍പ്പനക്കെത്തിയാളെ കസ്റ്റഡിയിലെടുത്ത് ഇയാളില്‍നിന്ന് 40 ഗ്രാം കഞ്ചാവ് കണ്ടത്തിയത്. എന്നാല്‍ ഇതിന്റെ മുഖ്യ കണ്ണികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടനിലക്കാരായ ആളുകള്‍ വലിയ രീതിയില്‍ കഞ്ചാവ് വാങ്ങി ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആളൊഴിഞ്ഞ മേഖലകള്‍ കേന്ദ്രീകരിച്ച് ഒളിപ്പിച്ചശേഷം ആവശ്യക്കാരെത്തുമ്പോള്‍ ഇവിടെയെത്തി ആവശ്യമനുസരിച്ച് നല്‍കുകയാണ് രീതിയെന്നും പറയുന്നു. കഞ്ചാവ് വിപണനത്തിന്റെ പുതിയ രീതികള്‍ വിപണനക്കാര്‍ തേടുന്നതോടെ പൊലീസിന്റയും എക്സൈസിന്റെയും  നേതൃത്വത്തില്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കാനാണ് തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow