ഏലം കര്‍ഷകര്‍ക്ക് പുനര്‍നടീലിന് ധനസഹായം: അപേക്ഷ നല്‍കേണ്ട അവസാന തീയതി 25
ഏലം കര്‍ഷകര്‍ക്ക് പുനര്‍നടീലിന് ധനസഹായം: അപേക്ഷ നല്‍കേണ്ട അവസാന തീയതി 25
ഇടുക്കി: കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതി പ്രകാരം ഏലം പുനര്‍ നടീലിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാനുള്ള തീയതി 25 വരെ നീട്ടി. ലോകബാങ്കിന്റെ സഹായത്തോടെ ഹെക്ടറിന് ഒരു ലക്ഷം രൂപയാണ് നല്‍കുന്നത്. നിലവില്‍ 25 സെന്റ് മുതല്‍ 8 ഹെക്ടര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്ക് 2 ഹെക്ടര്‍ വരെയുള്ള പുനര്‍ നടീലിനാണ് ധനസഹായം നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളില്‍ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നല്‍കും. ഉല്‍പാദന ക്ഷമത കൂടിയ ഇനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യവര്‍ഷം അമ്പതിനായിരം, രണ്ടാം വര്‍ഷം അമ്പതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള ഏലം തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഈ ജില്ലകളിലെ നഴ്‌സറികള്‍ക്ക് സബ്‌സിഡിയും അനുവദിക്കും. കര്‍ഷകര്‍ക്കും, കൂട്ടായ്മകള്‍ക്കും ഗ്യാപ് സര്‍ട്ടിഫിക്കേഷനുവേണ്ടി ചെലവഴിക്കുന്ന നൂറു ശതമാനം തുക പദ്ധതിയിലുള്‍പ്പെടുത്തി റീ ഇമ്പേഴ്സ് ചെയ്തു കൊടുക്കുന്നതാണ്. മറ്റ് ഏജന്‍സികളില്‍നിന്ന് സമാന ധനസഹായം നേടിയവരല്ലാത്ത കര്‍ഷകര്‍ക്കും നഴ്സറികള്‍ക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://www.keraplantation.kerala.gov.in) വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കുന്നതാണ്. അര്‍ഹരായ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടുള്ള പിന്തുണ ഉറപ്പുവരുത്തുന്നതാണ്. തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡമം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്‌കെച്ച്, നികുതി രസീത് തുടങ്ങിയ രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരയുടെ കോട്ടയം റീജിയണല്‍ ഓഫീസുമായോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെട്ട് മാര്‍ച്ച് 25 നകം അപേക്ഷ സമര്‍പ്പിക്കണം.
What's Your Reaction?