അങ്കണവാടി ജീവനക്കാരുടെ ഡിജിറ്റല്‍ സമരം തുടങ്ങി
അങ്കണവാടി ജീവനക്കാരുടെ ഡിജിറ്റല്‍ സമരം തുടങ്ങി
ഇടുക്കി: കേന്ദ്ര വനിതാശിശു വികസന മന്ത്രാലയത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് അങ്കണവാടി ജീവനക്കാര്‍ ഡിജിറ്റല്‍ സമരം ആരംഭിച്ചതായി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍(സിഐടിയു) ജില്ലാ കമ്മിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ ജോലികള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയാണ്. അനുപൂരക പോഷകാഹാര സാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ഉപയോഗയോഗ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കാതെ ഉത്തരവാദിത്വം ജീവനക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. ആനുകൂല്യം നഷ്ടമായാല്‍ നഷ്ടപരിഹാരം ജീവനക്കാരില്‍നിന്ന് ഈടാക്കുമെന്നും ശിക്ഷാനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 2018ല്‍ നല്‍കിയ ഫോണ്‍ 2023ല്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ജീവനക്കാര്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തേണ്ട ഗതികേടിലാണ്. പലരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരല്ല. ഒട്ടേറെ ഗുണഭോക്താക്കളുള്ളതിനാല്‍ കൂടുതല്‍ വിവരശേഖരണം നടത്തി ഓണ്‍ലൈനില്‍ ചേര്‍ക്കേണ്ടിവരുന്നത് ജീവനക്കാരെ ബുദ്ധിമുട്ടുകയാണ്. പോഷന്‍ ട്രാക്കര്‍ പ്രവര്‍ത്തനത്തിന് ഫോണോ, ടാബോ, കമ്പ്യൂട്ടറോ നല്‍കുക, ഫോട്ടോ ഉള്‍പ്പെടുത്താതെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം നല്‍കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം അങ്കണവാടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍ ശോഭന, സെക്രട്ടറി അനിത റെജി, എ അമ്പിളി, കെ ലത, വിദ്യ നാരായണന്‍, കെ എസ് രമണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?