അടിമാലി ടൗണിലെ ഓടകളില്‍ വാഴനട്ട് പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ജീവനക്കാര്‍
അടിമാലി ടൗണിലെ ഓടകളില്‍ വാഴനട്ട് പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ജീവനക്കാര്‍
ഇടുക്കി: അടിമാലി ടൗണ്‍ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ ഓടകളും കലുങ്കുകളും കൃത്യമായ രീതിയില്‍ പുനര്‍നിര്‍മിച്ചിട്ടില്ലെന്ന പരാതിയുമായി ബസ് ജീവനക്കാര്‍ രംഗത്ത്. ഇതില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ജീവനക്കാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തേയ്ക്ക് പോകുന്ന വഴിയിലെ ഓടകള്‍ പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നുണ്ടായ വലിയ ഗര്‍ത്തത്തില്‍ വീണ് വാഹനങ്ങളുടെ മെയിന്‍ പ്ലേറ്റുകള്‍ അടക്കം ഒടിയുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകള്‍ക്കുണ്ടാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. മഴക്കാലമായതോടെ സ്റ്റാന്‍ഡിലേക്ക് വെള്ളം ഒഴുകിയെത്തുന്നതും അത് കെട്ടിക്കിടക്കുന്നതും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വെള്ളക്കെട്ട് മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറിയതിലാല്‍ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. നിലവിലെ സ്ഥലപരിമിതി മൂലം 15ലേറെ ബസുകള്‍ ഒരുമിച്ച് സ്റ്റാന്‍ഡിലെത്തുമ്പോള്‍ ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ട്. മാത്രമല്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിലേക്ക് അകത്തേക്കും പുറത്തേക്കും ഉള്ള വഴിയില്‍ മാറ്റം വരുത്തിയതും പൊതുജനങ്ങള്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ജീവനക്കാര്‍ ആരോപിച്ചു. വിഷയത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഴനട്ടത്. സിഐടിയു അടിമാലി ബസ് തൊഴിലാളി മേഖല പ്രസിഡന്റ് അഖില്‍ സി ആര്‍, കണ്‍വീനര്‍ സിദ്ദിഖ് പൊന്നപ്പാല, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ യൂത്ത് പ്രസിഡന്റ് സിബി വെള്ളത്തൂവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?