ചെറുതോണി ടൗണിലെ ഗതാഗത പരിഷ്‌കരണം പ്രഖ്യാപനത്തില്‍ മാത്രം
ചെറുതോണി ടൗണിലെ ഗതാഗത പരിഷ്‌കരണം പ്രഖ്യാപനത്തില്‍ മാത്രം
ഇടുക്കി: ആഗസ്റ്റ് ഒന്നുമുതല്‍ ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണില്‍ പ്രഖ്യാപിച്ച പുതിയ ഗതാഗത പരിഷ്‌കരണം നടപ്പായില്ല. ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ചെറുതോണി സെന്‍ട്രല്‍ ജങ്ഷനിലെ പാലത്തില്‍ അനധികൃത പാര്‍ക്കിങ് തുടരുകയാണ്. വണ്‍വേ സംവിധാനം, നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങള്‍, കര്‍ശന പരിശോധന, നിയമലംഘകര്‍ക്കെതിരെ നടപടി തുടങ്ങിയവ നടപ്പാക്കുമെന്നായിരുന്നു പഞ്ചായത്തിന്റെ പ്രഖ്യാപനം. വ്യാപാരികളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഇരുചക്ര വാഹനങ്ങള്‍ റോഡരികുകളിലും നടപ്പാതകളിലും നിര്‍ത്തിയിടുന്നത് കാല്‍നടയാത്രികര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പുതിയ ട്രാഫിക് സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ബോര്‍ഡുകള്‍പോലും സ്ഥാപിച്ചിട്ടില്ല. പാലത്തിന് മുകളിലെ പാര്‍ക്കിങ് കാരണം ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതം തടസപ്പെടുന്നതും നിത്യസംഭവമാണ്. ട്രാഫിക് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
What's Your Reaction?