അവധിവ്യാപാരത്തിന്റെ പേരില്‍ ഏലക്ക തട്ടിപ്പ് : 2 പേര്‍ അറസ്റ്റില്‍
അവധിവ്യാപാരത്തിന്റെ പേരില്‍ ഏലക്ക തട്ടിപ്പ് : 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: അവധിക്കച്ചവടത്തിന്റെ പേരില്‍ ഏലക്ക വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. അടിമാലി സ്വദേശികളായ അബ്ദുല്‍സലാം, സന്തോഷ് കുമാര്‍ എന്നിവരെ ഇടുക്കി ക്രൈംബ്രാഞ്ച് ഡി വൈ.എസ്.പി. ടി. ബി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെ അടിമാലി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് നസീറിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. അടിമാലിയില്‍ എന്‍.ഗ്രീന്‍ എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് മുഹമ്മദ് നസീര്‍ ഏലക്ക വാങ്ങിയിരുന്നത്. 6 മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിത്തുക നല്‍കാമെന്ന് പറഞ്ഞ് കര്‍ഷകരില്‍ നിന്ന് ഏലക്ക വാങ്ങുകയും തുക നല്‍കാതെ മുങ്ങുകയുമായിരുന്നു. രണ്ട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 31 കേസുകളുണ്ട്. കൂടുതല്‍ കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടന്ന് കണ്ടെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
What's Your Reaction?






