രാജാക്കാട്ടെ സ്റ്റോറില്‍നിന്ന് ഏലക്ക മോഷണംപോയ സംഭവം: പൊലീസ് അന്വേഷണം പ്രഹസനമെന്ന് ഉടമ
രാജാക്കാട്ടെ സ്റ്റോറില്‍നിന്ന് ഏലക്ക മോഷണംപോയ സംഭവം: പൊലീസ് അന്വേഷണം പ്രഹസനമെന്ന് ഉടമ

ഇടുക്കി: രാജാക്കാട്ട് വീടിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ നിന്ന് 15 ലക്ഷത്തിലേറെ വിലവരുന്ന ഏലക്ക മോഷണംപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഉടമ ചെരുപുറം മുത്തനാട്ട് ബിനോയി. 2024 സെപ്റ്റംബര്‍ 3നാണ് മോഷണം നടന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി രാജാക്കാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി സുഹൃത്തായിരുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നും, രോഗിയാണെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങള്‍ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതായും ബിനോയി ആരോപിച്ചു. തന്റെ സ്റ്റോറിലെ ഡ്രയര്‍ മാറ്റിസ്ഥാപിച്ചപ്പോള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സിസിടിവിയുടെ കണക്ഷന്‍ വിട്ടുകിടക്കുകയാണെന്ന് പ്രതിയായ വ്യാപാരിക്ക് വ്യക്തമായി അറിയാമായിരുന്നെന്നും ബിനോയി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന വ്യാപാരിയെ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കേസ് പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപയുമായി വ്യാപാരിയുടെ സുഹൃത്ത് തന്നെ വന്നുകണ്ടിരുന്നുവെന്നും ബിനോയി പറഞ്ഞു. ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു. ബിനോയിയുടെ തൊഴിലാളികള്‍ കുറച്ച് മാറിയുളള തോട്ടത്തിലെ ഷെഡിലാണ് താമസിച്ചിരുന്നത്.തൊഴിലാളികള്‍ രണ്ടിന് വൈകിട്ട് വീടിനടുത്ത് തൊഴുത്തിലുള്ള പോത്തിന്‍ കിടാങ്ങള്‍ക്ക് തീറ്റ നല്‍കിയശേഷം രാത്രി 8.30 ന് ശേഷമാണ് ഷെഡിലേക്ക് പോയത്. പിറ്റേന്ന് രാവിലെ എത്തിയപ്പോള്‍ സ്റ്റോറില്‍ ഏലക്ക സൂക്ഷിച്ചിരിക്കുന്ന മുറിയുടെ വാതിലിലുളള പൂട്ട് തകര്‍ത്തിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ബിനോയിയെ വിവരമറിയിക്കുകയും പരിശോധന നടത്തിയപ്പോള്‍ ഉണക്കി വച്ചിരുന്ന 12 ചാക്ക് ഏലക്ക മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നായയും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് മോഷ്ടാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി രാജാക്കാട് പൊലീസ് വ്യക്തമാക്കി. മോഷണം നടന്ന ആദ്യ മൂന്നുമാസ കാലത്തുണ്ടായ കേസന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ടീമിന് വച്ച് അന്വേഷണം കാര്യക്ഷമമാക്കിയതെന്നും ബിനോയി പറഞ്ഞു. സ്‌പെഷ്യല്‍ ടീം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ചോദ്യം ചെയ്ത് എത്രയും പെട്ടെന്ന് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ജില്ലാ പോലീസ് മേധാവിക്കും, ഹൈക്കോടതിയിലും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസിന്റെ തുടരന്വേഷണം വൈകുന്നത് എന്നും ബിനോയി പറഞ്ഞു.
What's Your Reaction?






