ഇടുക്കി: മകരസംക്രമ സന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ അയ്യന്‍ പുണ്യജ്യോതിയായി തെളിഞ്ഞു. ഭക്തജന കോടികള്‍ക്കിത് ദര്‍ശനസായുജ്യ പുണ്യം. ജില്ലയില്‍ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് മകരജ്യോതി ദര്‍ശിക്കാനെത്തിയത്. സമഗ്ര സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്. 8 ഡിവൈഎസ്പിമാര്‍, 19 എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. 150 പ്രത്യേക ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിരുന്നു. റവന്യു വകുപ്പിന്റെ സഹായത്തോടെ 40 അസ്‌ക ലൈറ്റുകളും വിന്യസിച്ചു.
കുമളി വഴി തിരക്ക് വര്‍ധിക്കുമ്പോള്‍ കമ്പംമെട്ട് വഴി തീര്‍ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാന്‍ സൗകര്യമൊരുക്കും. തെരുവുവിളക്കുകള്‍, കുടിവെള്ള സൗകര്യം, ശുചിമുറി സൗകര്യം എന്നിവ ക്രമീകരിച്ചിരുന്നു. ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ സ്ഥാപിച്ച് കവറേജ് ലഭ്യമാക്കിയിരുന്നു. തീര്‍ഥാടകര്‍ക്കായി പ്രത്യേക കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.