ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗാന്ധിനഗറിലേക്കുള്ള റോഡ് തകര്‍ന്ന് യാത്രാക്ലേശം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുചക്രവാഹനം ഗര്‍ത്തത്തില്‍ വീണ് യാത്രികന് സാരമായി പരിക്കേറ്റിരുന്നു. അപകടം പതിവായതോടെയാണ് വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയത്. ഗാന്ധിനഗര്‍, തുരുത്ത് തുടങ്ങിയ മേഖലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന പാതയാണിത്. രണ്ടുവര്‍ഷത്തിലേറെയായി വള്ളികാട്ടുപടി ഭാഗത്ത് റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ട്. അറ്റകുറ്റപ്പണികള്‍ നടത്തി പാത ഗതാഗത യോഗ്യമാക്കുന്നതിനുവേണ്ടിയുള്ള യാതൊരു നടപടിയും അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികുടെ ആവശ്യം.അല്ലാത്തപക്ഷം അയ്യപ്പന്‍കോവില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.