ചേറ്റുകുഴിയില്‍ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

ചേറ്റുകുഴിയില്‍ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

Feb 23, 2025 - 01:20
 0
ചേറ്റുകുഴിയില്‍ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി
This is the title of the web page
ഇടുക്കി: ശാരീരിക വെല്ലുവിളി നേരിടുന്ന ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധര്‍ കേടുപാട് വരുത്തിയതായി പരാതി. ചേറ്റുകുഴി ഇഞ്ചനാല്‍ ആന്റണി അഗസ്റ്റിന്‍ മൂന്നുവര്‍ഷമായി ചേറ്റുകുഴി ടൗണില്‍ ലോട്ടറിയും നിത്യോപയോഗ സാധനങ്ങളും കച്ചവടം ചെയ്തുവന്ന ഉന്തുവണ്ടിയാണ് കഴിഞ്ഞ 20ന് രാത്രി നശിപ്പിച്ചത്. സംഭവത്തില്‍ ചേറ്റുകുഴി സ്വദേശികളായ പൂവത്തൂര്‍ ജയ്‌സണ്‍, മാമച്ചന്‍, തോമസ്, കണ്ണാടിക്കല്‍ ബിനു എന്നിവര്‍ക്കെതിരെ കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. നാലുവര്‍ഷം മുമ്പ് തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ആന്റണി സുമനസുകളുടെ സഹായത്തോടെയാണ് ചേറ്റുകുഴി മലങ്കര കത്തോലിക്ക പള്ളിയോടുചേര്‍ന്ന് റോഡ് പുറമ്പോക്കില്‍ പെട്ടിക്കടയില്‍ ലോട്ടറി വ്യാപാരം തുടങ്ങിയത്. ആഴ്ചകള്‍ക്ക് മുമ്പ് ബാങ്കില്‍നിന്ന് വായ്പയെടുത്ത് 50,000 രൂപയുടെ നിത്യോപയോഗ സാധനങ്ങളും വാങ്ങിയിരുന്നു. എന്നാല്‍ ഉന്തുവണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഴ്ച മുമ്പ് കുറ്റാരോപിതര്‍ ഭീഷണിപ്പെടുത്തിയതായി ആന്റണി പറയുന്നു.
21ന് രാവിലെ എത്തിയപ്പോള്‍ ഉന്തുവണ്ടി സ്ഥലത്തുണ്ടായിരുന്നില്ല. തെരച്ചിലില്‍ കുറ്റിക്കാട്ടില്‍ കേടുപാട് വരുത്തിയ നിലയില്‍ കണ്ടെത്തി. ഇതോടെ നിര്‍ധന കുടുംബത്തിന്റെ ഉപജീവനമാര്‍ഗം നിലച്ചു. ആന്റണിയുടെ ഭാര്യ മാനസികാരോഗ്യ ചികിത്സയിലാണ്. രണ്ട് മക്കള്‍ വിദ്യാര്‍ഥികളും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോട്ടറി വ്യാപാരം നടത്താന്‍ അനുവദിക്കണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകന്‍ എബിന്‍മോന്‍ ആന്റണി, എസ് ജയപ്രകാശ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow