വണ്ടിപ്പെരിയാര്‍ കൊലപാതകത്തിന് മൂന്ന് വയസ്: നീതി തേടി കുടുംബം
വണ്ടിപ്പെരിയാര്‍ കൊലപാതകത്തിന് മൂന്ന് വയസ്: നീതി തേടി കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റ് ലയത്തിനുള്ളില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം നടന്നിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷവും നീതിക്കായി കാത്തിരിക്കുകയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അയല്‍വാസിയായ യുവാവിനെ കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടിരുന്നു. കോടതി വിധിക്കുപിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വണ്ടിപ്പെരിയാറില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പേ എല്ലാം കെട്ടടങ്ങി. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പുതിയ പ്രോസിക്യൂഷനെ നിയമിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാഴായി.
2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ലയത്തിലെ മുറിക്കുള്ളില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചെന്നായിരുന്നു പ്രാഥമികഘട്ടത്തില്‍ ഉയര്‍ന്നവാദം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായതായും കൊലപാതകമാണെന്നും കണ്ടെത്തി. ജൂലൈ നാലിന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടത്തി 78 ദിവസത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങളായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാനാവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബര്‍ 14ന് പ്രതിയെ കട്ടപ്പന കോടതി വെറുതെവിട്ടു. മൂന്നാം ചരമ വാര്‍ഷികത്തില്‍ തങ്ങളുടെ പൊന്നോമനയുടെ കല്ലറയില്‍ തിരി തെളിച്ച് നീതിക്കായി കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.
What's Your Reaction?






