വണ്ടിപ്പെരിയാര്‍ പോളിടെക്നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി ഡോ. ആര്‍ ബിന്ദു
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കമ്പ്യൂട്ടര്‍ ലാബില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കോളേജിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും. പ്രവേശന പരീക്ഷകള്‍, പി.എസ്.സി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ തുടങ്ങിയവ നടത്താനാകും. 280 കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടുന്ന ലാബാണ് സജ്ജീകരിച്ചിട്ടുള്ളത്.
തൊഴില്‍ ഉറപ്പുനല്‍കുന്ന പഠനമാണ് ഇപ്പോള്‍ പോളിടെക്‌നിക്കുകളില്‍. പ്രവൃത്തിപരിചയ പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ജോലി ഉറപ്പാക്കലില്‍ പോളിടെക്‌നിക്കുകള്‍ മറ്റ് കലാലയങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. തൊഴില്‍മേളകളില്‍ 96 ശതമാനം വിദ്യാര്‍ഥികള്‍ക്കും ജോലി ലഭിക്കുന്നു. പഠനത്തോടൊപ്പം തൊഴില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പഠനത്തോടൊപ്പം സമ്പാദ്യം, ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പ്രൊജക്ടുകള്‍ വളരെ മികച്ച രീതിയില്‍ മുന്നേറുന്നു. വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കും ഇത്തരം പ്രൊജക്ടുകള്‍ ഏറ്റെടുക്കണം. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം 20 ലക്ഷം രൂപ സമാഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.
വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, പീരുമേട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഡി അജിത് കുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, പീരുമേട് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എസ് ജെ ഡി അനി എബ്രഹാം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ് സാബു, ടി എച്ച് അബ്ദുള്‍ സമദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി എസ് അന്‍പുരാജ്, വ്യാപാരി വ്യവസായ സമിതി ഭാരവാഹി സി ജയകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു വര്‍ഗീസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അച്ചു ഷാജി, പ്രിന്‍സിപ്പല്‍ ബി അഞ്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ പി ആര്‍ ഷാലിജ്, കിറ്റ്‌കോ പ്രൊജക്ട് മാനേജര്‍ പി എം യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.