കട്ടപ്പന നഗരസഭ ഭരണസമിതിയുടെ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു
കട്ടപ്പന നഗരസഭ ഭരണസമിതിയുടെ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു
ഇടുക്കി: കട്ടപ്പന നഗരസഭയിലെ പുതിയ ഭരണസമിതിയുടെ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന അംഗം ജോയി വെട്ടിക്കുഴി അധ്യക്ഷനായി. തുടര്‍ച്ചയായ മൂന്നാംതവണയാണ് യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തുന്നത്. സെക്രട്ടറി അജി കെ തോമസ് നടപടിക്രമങ്ങള്‍ കൗണ്‍സിലര്‍മാരോട് വിശദീകരിച്ചു. 35 അംഗങ്ങളില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26ന് നടക്കും. രാവിലെ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പും നടക്കും. യുഡിഎഫ് ഭരണസമിതി നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് വീണ്ടും അധികാരത്തിലെത്തിച്ചതെന്നും ആരംഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. സംസ്ഥാനത്തെ മറ്റ് നഗരസഭകളെ അപേക്ഷിച്ച് വികസനത്തില്‍ കട്ടപ്പന ഏറെ പിന്നിലാണെന്നും ഇത് പരിഹരിക്കാനുള്ള ശക്തമായ ഇടപെടല്‍ എല്‍ഡിഎഫ് നടത്തുമെന്നും വി ആര്‍ സജി പറഞ്ഞു. കട്ടപ്പന നഗരസഭാപരിധിയിലെ മേഖലകളുടെ വികസനത്തിന് പരിഗണന നല്‍കണമെന്നും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്നും എന്‍ഡിഎ അംഗം പി ആര്‍ രമേശ് പറഞ്ഞു. ജനറല്‍ വിഭാഗത്തിനാണ് ഇത്തവണ ചെയര്‍പേഴ്സണ്‍ പദവി. മുന്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ജോയി വെട്ടിക്കുഴി, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റുകൂടിയായ തോമസ് മൈക്കിള്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. യുഡിഎഫില്‍ അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
What's Your Reaction?