ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ടൂറിസം പുനരുജ്ജീവനത്തിന് സമഗ്ര പദ്ധതി: ആലോചനായോഗം ചേര്‍ന്നു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ടൂറിസം പുനരുജ്ജീവനത്തിന് സമഗ്ര പദ്ധതി: ആലോചനായോഗം ചേര്‍ന്നു
ഇടുക്കി: പ്രാദേശിക ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കുന്നതിനും ജില്ലാ ആസ്ഥാന പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു. വിവിധ ടൂറിസം സ്ഥാപനങ്ങളെയും ഹോംസ്റ്റേകളെയും ഏകോപിപ്പിച്ച് മേഖലയെ ശക്തിപ്പെടുത്തുകയും ജില്ലയിലെ ടൂറിസം മേഖലയിലെ നിലവിലെ പ്രതിസന്ധികളെ മറികടക്കുകയും അവഗണിക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരിച്ചുപിടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഹോംസ്റ്റേകളും ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി സമഗ്ര ടൂറിസം മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇതിലൂടെ പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം. വനംവകുപ്പിന്റെയും കെഎസ്ഇബിയുടെയും കീഴിലുള്ള ഭൂമികളില്‍ ടൂറിസം സാധ്യതകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതും പുതിയ സംരംഭങ്ങള്‍ കൊണ്ടുവന്ന് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലെ ആളുകളെ ഉള്‍പ്പെടുത്തി 24-ാം തീയതി വിപുലമായ യോഗം ചേര്‍ന്ന് പദ്ധതിക്ക് പൂര്‍ണരൂപം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ തൊഴില്‍ സാധ്യതകളും വരുമാനവും വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു നിള, വി എ ഉലഹന്നാന്‍, സ്റ്റീഫന്‍ ജോര്‍ജ്, മാത്യു സെബാസ്റ്റ്യന്‍, സോന ജോബി, അജിത് കുമാര്‍, ബിഡിഒ ഷൈജാമോള്‍, ജോയിന്റ് ബിഡിഒ ജയരാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?