കൊളുക്കുമല ജീപ്പ് സഫാരി ഓണ്‍ലൈന്‍ ബുക്കിങ്: ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നതില്‍ കാലതാമസം: പ്രശ്‌നം പരിഹരിച്ചതായി ഡിടിപിസി
കൊളുക്കുമല ജീപ്പ് സഫാരി ഓണ്‍ലൈന്‍ ബുക്കിങ്: ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നതില്‍ കാലതാമസം: പ്രശ്‌നം പരിഹരിച്ചതായി ഡിടിപിസി
ഇടുക്കി: ചിന്നക്കനാല്‍ കൊളുക്കുമലയിലെ ജീപ്പ് സഫാരി ഓണ്‍ലൈന്‍ ബുക്കിങ്ങിലേക്ക് മാറിയതോടെ 10 ദിവസത്തെ ഡ്രൈവര്‍മാരുടെ പ്രതിഫലം വൈകി. ചിന്നക്കനാല്‍ പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലുള്ള കാലതാമസമാണ് പ്രശ്‌നത്തിനുകാരണമായത്. നിരവധി വിനോദസഞ്ചാരികളാണ് ദിവസേന കൊളുക്കുമലയില്‍ എത്തുന്നത്. ജീപ്പിലാണ് ഇവരുടെ യാത്ര. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിനുപിന്നാലെ സഫാരിയുടെ തുക നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് കൈമാറാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കുന്നവരുടെ പണം ഡ്രൈവര്‍മാരുടെ പക്കല്‍ എത്താന്‍ കാലതാമസം നേരിടുന്നു. ഇതേത്തുടര്‍ന്ന് ഇന്ധനം നിറയ്ക്കാനോ വണ്ടി അറ്റകുറ്റപ്പണി നടത്താനോ കഴിയുന്നില്ല. സീസണ്‍ സമയങ്ങളില്‍ പ്രതിഫലം ലഭിക്കാന്‍ വൈകുന്നത് ഇവരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വിഷയത്തില്‍ ഡിടിപിസി അധികൃതര്‍ വിശദീകരണം നല്‍കി. രണ്ടുദിവസങ്ങളില്‍ സവാരി നടത്തിയ മുഴുവന്‍ പേര്‍ക്കും കുടിശിക ഉള്‍പ്പെടെ നല്‍കിയതായി ഇവര്‍ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി മാറിയതിനാല്‍ പുതിയ പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പ് പുതുക്കുന്നതിലുണ്ടായ കാലതാമസമാണ് പണം കൈമാറല്‍ വൈകിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ചിന്നക്കനാല്‍ പഞ്ചായത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റതോടെ പ്രസിഡന്റിന്റെ ഒപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടിവന്നു. ഇതോടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ലഭിച്ച തുക വിതരണം ചെയ്യാന്‍ തടസമുണ്ടായി. സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചതായും ജീപ്പ് സഫാരിയുടെ പണം സമയബന്ധിതമായി ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുമെന്നും ഡിടിപിസി അധികൃതര്‍ ഉറപ്പുനല്‍കി.
കൊളുക്കുമല ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൂടുതല്‍ സുതാര്യമാക്കി ഡ്രൈവര്‍മാരുടെ ഉപജീവനം സംരക്ഷിക്കും. പ്രശ്‌നം പരിഹരിച്ചതോടെ ഡ്രൈവര്‍മാര്‍ ആശ്വാസത്തിലാണ്.
What's Your Reaction?