വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം: കമ്മിറ്റി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം: കമ്മിറ്റി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. പ്രസിഡന്റ് ആന്‍സി തോമസിന്റെ സാരി വലിച്ചുപറിച്ചെന്ന് പ്രതിപക്ഷ അംഗം സിജി ചാക്കോക്കെതിരെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ശക്തമായ വാക്‌പോരാണ് നിലനിന്നിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച നടന്ന കമ്മിറ്റി യോഗത്തിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ മുമ്പ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഉയര്‍ന്നിരുന്ന ''കള്ളി കള്ളി പെരുങ്കള്ളി'' എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗം സിജി ചാക്കോ വീണ്ടും വിളിച്ചതോടെ വാക്കേറ്റം രൂക്ഷമായി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തള്ളുംതെള്ളലും കൈയാങ്കളിയും ഉണ്ടായി. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസിന്റെ സാരി സിജി ചാക്കോ വലിച്ചുപറിച്ചതായി ആരോപണം ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്‌കരിച്ചു. എസ്ഐമാരായ സാബു തോമസ്, ജോര്‍ജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പഞ്ചായത്ത് ഓഫീസില്‍ കാവല്‍ നില്‍ക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടായ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്് അന്‍സി തോമസ് പറഞ്ഞു. പ്ലാന്‍ ഫണ്ട് വകമാറ്റിയെന്നാരോപിച്ച് നേരത്തെ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ മെമ്പര്‍മാരുടെയും സാന്നിധ്യത്തിലാണ് ഫണ്ടുകള്‍ വകമാറ്റിയതെന്നും, മുന്‍ ഭരണസമിതിക്ക് നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്നും ആന്‍സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഫണ്ട് ലാപ്‌സ് ആകാതിരിക്കാന്‍ വേണ്ടിയാണ് പുതിയ പദ്ധതികള്‍ക്കായി പണം മാറ്റിവച്ചതെന്നും ആന്‍സി തോമസ് വ്യക്തമാക്കി.
What's Your Reaction?