നാടിന്റെ ആഘോഷമായി സേനാപതി വോളിബോള്‍ ടൂര്‍ണമെന്റ്: നിറഞ്ഞ് ഗാലറികള്‍: ആസ്വാദകരായി സ്ത്രീകളും കുട്ടികളും
നാടിന്റെ ആഘോഷമായി സേനാപതി വോളിബോള്‍ ടൂര്‍ണമെന്റ്: നിറഞ്ഞ് ഗാലറികള്‍: ആസ്വാദകരായി സ്ത്രീകളും കുട്ടികളും
ഇടുക്കി: സേനാപതി വോളിബോള്‍ ടൂര്‍ണമെന്റ് ആഘോഷമാക്കി ഹൈറേഞ്ചിലെ കായികപ്രേമികള്‍. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ മത്സരം കാണാന്‍ ആളുകളും കുടുംബസമേതമാണ് എത്തുന്നത്. വൈകിട്ട് മത്സരം ആരംഭിക്കുന്നതിനുമുമ്പേ ഗാലറികള്‍ നിറയുന്നതോടെ സേനാപതിയില്‍ ആവേശകരമായ അന്തരീക്ഷമാണ്.
ഇടിവെട്ട് സ്മാഷുകളും കൃത്യമായ ബ്ലോക്കുകളും കിടിലന്‍ സെര്‍വുകളും കാണുമ്പോള്‍ ഗാലറിയില്‍നിന്ന് ഉയരുന്ന കയ്യടികളും ആരവങ്ങളും മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു. കളിക്കാരുടെ ഓരോ മികച്ച പ്രകടനത്തിനും സ്ത്രീകളും കുട്ടികളും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണ്.
വീട്ടിലിരുന്ന് മൊബൈലില്‍ റീലുകള്‍ കാണുന്നതിനേക്കാള്‍ മത്സരം ലൈവായി കാണുന്നതാണ് ആവേശകരമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സ്വന്തം നാട്ടില്‍ ഇത്തരത്തിലുള്ള വലിയ ടൂര്‍ണമെന്റ് നടക്കുന്നത് സന്തോഷം നല്‍കുന്നതായും കുടുംബസമേതം മത്സരം കാണുന്നത് ആഘോഷംപോലെയാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഒട്ടേറെ അതിഥി തൊഴിലാളികളും ടൂര്‍ണമെന്റ് പതിവായി കാണാനെത്തുന്നുണ്ട്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യത്യാസങ്ങള്‍ മറന്ന് അതിഥികളും മത്സരത്തെ നെഞ്ചോടുചേര്‍ക്കുന്നു.
സേനാപതി നിവാസികള്‍ക്ക് ടൂര്‍ണമെന്റ് വെറുമൊരു മത്സരമല്ല, മറിച്ച് ഉത്സവം തന്നെയാണ്. മത്സരങ്ങളുടെ ആവേശവും ജനങ്ങളുടെ പങ്കാളിത്തവും ഒത്തുചേര്‍ന്നപ്പോള്‍ സേനാപതി വോളിബോള്‍ ഹൈറേഞ്ചിലെ വലിയ കായികാഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
What's Your Reaction?