കെ കെ വിനോദ് രക്തസാക്ഷിത്വ ദിനം ഇരട്ടയാറില്‍ ആചരിച്ചു
കെ കെ വിനോദ് രക്തസാക്ഷിത്വ ദിനം ഇരട്ടയാറില്‍ ആചരിച്ചു
ഇടുക്കി: സിപിഐ എം മുന്‍ ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ രക്തസാക്ഷി കെ കെ വിനോദിന്റെ 25-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇരട്ടയാര്‍ ടൗണില്‍ റെഡ് വോളന്റിയര്‍ പരേഡും അനുസ്മരണ റാലിയും നടത്തി. അനുസ്മരണയോഗം മുന്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പാര്‍ടി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തല്‍ വരുത്തി ജനങ്ങള്‍ക്കൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയത്തിലെ ഒരുപ്രക്രിയ മാത്രമാണ്. നേതാക്കളും പ്രവര്‍ത്തകരും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി സജീവമായി ഉണ്ടാകും. എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഭരണകാലയളവില്‍ ജനക്ഷേമത്തിനാണ് മുന്‍തൂക്കം നല്‍കിയത്. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും മറ്റ് ക്ഷേമ- വികസന പദ്ധതികളുമെല്ലാം നടപ്പാക്കി. ഇപ്പോള്‍, ഭരണമില്ലെങ്കിലും ജനപക്ഷ നിലപാടുകളില്‍നിന്ന് പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ വിജയകരമായി മുന്നോട്ടുപോകുകയാണ്. ഇവയില്‍ ഏതെങ്കിലും നിര്‍ത്തലാക്കുകയോ മുടക്കംവരുത്തുകയോ ചെയ്താല്‍ ജനങ്ങളെ അണിനിരത്തി രംഗത്തെത്തുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ, ചെമ്പകപ്പാറ ലോക്കല്‍ സെക്രട്ടറി സണ്ണി ജോസഫ്, വിനോദിന്റെ അമ്മ വള്ളിയമ്മ, ഭാര്യ ജയ വിനോദ്, മകന്‍ വിനീഷ് വിനോദ്, മകള്‍ ഗംഗ വിനോദ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
