വണ്ടിപ്പെരിയാര്‍ കോണിമാറ തോട്ടത്തില്‍ തേയില ദിനം ആചരിച്ചു
വണ്ടിപ്പെരിയാര്‍ കോണിമാറ തോട്ടത്തില്‍ തേയില ദിനം ആചരിച്ചു
ഇടുക്കി: അന്താരാഷ്ട്ര തേയില ദിനാചരണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ കോണിമാറ എസ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി സൗജന്യ ഫാക്ടറി സന്ദര്‍ശനവും ചായ വിതരണവും നടത്തി. ജില്ലയില്‍ ആദ്യമായി തേയില കൃഷി ആരംഭിച്ച പീരുമേട് മേഖലയ്ക്ക് തേയില ദിനം ഏറെ സവിശേഷതയുള്ളതാണ്. തോട്ടം തൊഴിലാളികളുടെ അധ്വാനത്തെയും തേയില വ്യവസായത്തെയും മുന്‍നിര്‍ത്തിയാണ് മേയ് 21 അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഫാക്ടറിയില്‍ എത്തിയവര്‍ക്ക് തേയിലക്കൊളുന്ത് നുള്ളുന്നത് മുതല്‍ അത് വിവിധതരം ചായപ്പൊടിയായി മാറുന്നതുവരെയുള്ള ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനുള്ള സൗകര്യം എസ്റ്റേറ്റ് അധികൃതര്‍ ഒരുക്കിയിരുന്നു. ദേശീയപാതയോട് ചേര്‍ന്നുള്ള എസ്റ്റേറ്റ് ഔട്ട്ലെറ്റില്‍ എത്തിയ ആയിരത്തോളം പേര്‍ക്ക് സൗജന്യമായി ചായയും പലഹാരവും വിതരണം ചെയ്തു. 'സീറോ പെര്‍സെന്റ് വേസ്റ്റ്' എന്ന പദ്ധതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു വേറിട്ട ആശയം നടപ്പാക്കിയതെന്ന് ഫാക്ടറി മാനേജര്‍ സാബു എം ഈപ്പന്‍ പറഞ്ഞു. തേയില ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാട്ടുകാരും നിരവധി വിനോദസഞ്ചാരികളും കോണിമാറ ഫാക്ടറിയിലും ഔട്ട്ലെറ്റിലുമായി എത്തിച്ചേര്‍ന്നു.
What's Your Reaction?
