രാജാക്കാട് ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം: ശുചീകരണം തുടങ്ങി
രാജാക്കാട് ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം: ശുചീകരണം തുടങ്ങി
ഇടുക്കി: കനത്ത മഴ പെയ്യുമ്പോള്‍ രാജാക്കാട് ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെടാതിരിക്കാന്‍ ഓടകളും അടഞ്ഞുകിടന്ന കലിങ്കുകളും യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കിത്തുടങ്ങി. വ്യാപാരികളുടെയും കാല്‍നടയാത്രികരുടെയും നിരന്തരമായ പരാതിക്കൊടുവിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലില്‍ ക്ലീനിങ് ആരംഭിച്ചത്. നേരിയ മഴ പെയ്താല്‍ പോലും ടൗണില്‍ മലവെള്ളപ്പാച്ചിലിന് സമാനമായ വെള്ളക്കെട്ടായിരുന്നു പതിവ്. ഇത് കാല്‍നടയാത്രക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരുന്നു. വിവിധ മേഖലകളില്‍നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളമാണ് രാജാക്കാട് ടൗണിനെ വെള്ളത്തിലാഴ്ത്തിയിരുന്നത്. രാജാക്കാട് - എന്‍ആര്‍സിറ്റി റോഡിലെ കലിങ്കുകള്‍ പൂര്‍ണമായും അടഞ്ഞുപോയത് പ്രതിസന്ധി ഇരട്ടിയാക്കി. ഇവിടെ നിന്നുള്ള വെള്ളം കൃത്യമായി ഒഴുകിപ്പോകാന്‍ ഇടമില്ലാതെ ടൗണിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിന് പരിഹാരമാകുന്നതോടെ ടൗണിലെ വെള്ളക്കിട്ടിനും പരിഹാരമാകും. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ ജോഷി കന്യാകുഴി എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
**
What's Your Reaction?
