വന്യജീവി ആക്രമണം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കര്‍ഷക സംഘം
വന്യജീവി ആക്രമണം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കര്‍ഷക സംഘം
ഇടുക്കി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കര്‍ഷക സംഘം. മലയോര ജനതയെ കുടിയിറക്കി ജില്ലയെ പൂര്‍ണമായി വനമാക്കാനുള്ള കപട പരിസ്ഥിതിവാദികളുടെ അജണ്ടയ്ക്ക് യുഡിഎഫ് എംഎല്‍എമാരും ജില്ലാ ഭരണകൂടവും കൂട്ടുനില്‍ക്കുകയാണെന്നും വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും വനംവകുപ്പും ഭരണകൂടവും നോക്കുകുത്തിയാവുകയാണ്. 26ന് യുഡിഎഫ് എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആനത്താരകളിലെ നിര്‍മിതികള്‍ സംബന്ധിച്ച് വനംവകുപ്പിനോട് റിപ്പോര്‍ട്ട് തേടിയത് കപട പരിസ്ഥിതിവാദികള്‍ക്ക് കോടതികളില്‍ ഉപയോഗിക്കാനുള്ള ഔദ്യോഗിക രേഖയായി മാറും. പൂപ്പാറ മുതല്‍ കുമളി വരെയുള്ള സിഎച്ച്ആര്‍ പ്രദേശം വന്യജീവി ഇടനാഴിയാക്കാനുള്ള നീക്കത്തിന് ഭരണകൂടം കുടപിടിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ഒച്ചപ്പന്റെ മരണത്തില്‍ എംഎല്‍എ ഒളിച്ചുകളി നടത്തുകയാണെന്നും ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം തമിഴ്‌നാട്ടിലെ തേനിയിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ശാന്തന്‍പാറ മേഖലയില്‍ കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളെ നിയോഗിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. അപകട നഷ്ടപരിഹാര കാര്യത്തില്‍ കര്‍ഷകരെ കബളിപ്പിക്കുകയാണ്. വന്യജീവി ഭീഷണിയുള്ള മേഖലകളില്‍ അടിയന്തരമായി കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളെ നിയോഗിക്കണമെന്നും മരിച്ച കര്‍ഷകന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ച് കുടുംബ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കര്‍ഷക സംഘം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ പി ബി സബീഷ്, എം വി ബേബി, സുനില്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?