നീലപ്പട്ടുടുത്ത് ചൊക്രമുടി: കുറിഞ്ഞിക്കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
നീലപ്പട്ടുടുത്ത് ചൊക്രമുടി: കുറിഞ്ഞിക്കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
ഇടുക്കി: ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി പൂത്തുലഞ്ഞതോടെ മലനിരകളിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. കുറിഞ്ഞി സീസണ്‍ ആരംഭിച്ച് അഞ്ചുദിവസം പിന്നിടുമ്പോള്‍ 3500ലധികം പേരാണ് മലമുകളിലെത്തിയത്. ഇതിലൂടെ അഞ്ചുലക്ഷത്തിലേറെ രൂപയുടെ വരുമാനവും ലഭിച്ചു. പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് ചെങ്കുത്തായ മലനിരകള്‍ കയറി കുറിഞ്ഞിയുടെ നീലവസന്തം കാണാനെത്തുന്നത്. മലകയറാന്‍ ബുദ്ധിമുട്ടുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കിയും കൈപിടിച്ച് സഹായിച്ചും വനംവകുപ്പ് ഗാര്‍ഡുമാരും ഒപ്പമുണ്ട്. മഞ്ഞും തണുപ്പും പുതച്ച ചൊക്രമുടിയിലെ കാഴ്ചകള്‍ ആസ്വദിച്ചാണ് സഞ്ചാരികള്‍ മടങ്ങുന്നത്. അതേസമയം ചിലര്‍ ബൈസണ്‍വാലി, ദേവികുളത്തിന്റെ താഴ്ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഇടവഴികളിലൂടെ ചെങ്കുത്തായ വനമേഖലയിലേക്ക് പ്രവേശിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി റേഞ്ച് ഓഫീസര്‍ അരുണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ കുറിഞ്ഞി കൂടുതല്‍ സമൃദ്ധമായി പൂക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നതിനാല്‍ റിഫ്രഷ്മെന്റ്, വാഷ്റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുന്നുണ്ട്.
What's Your Reaction?