കൃഷിയും ടൂറിസവും കോര്‍ത്തിണക്കി രാമക്കല്‍മേട് സ്വദേശി സജി കൊച്ചിത്തറയുടെ വിജയഗാഥ
കൃഷിയും ടൂറിസവും കോര്‍ത്തിണക്കി രാമക്കല്‍മേട് സ്വദേശി സജി കൊച്ചിത്തറയുടെ വിജയഗാഥ
ഇടുക്കി: കൃഷിയും ടൂറിസവും കൈകോര്‍ക്കുമ്പോള്‍ കാര്‍ഷിക രംഗത്ത് വിജയത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ് രാമക്കല്‍മേട് സ്വദേശിയായ സജി കൊച്ചിത്തറ. സ്വന്തം ഉടമസ്ഥതയിലുള്ള രണ്ടേക്കറിലെ സമ്മിശ്ര കൃഷിയിടം വിനോദസഞ്ചാര കേന്ദ്രം കൂടിയാക്കി മാറ്റിയാണ് ഈ യുവകര്‍ഷകന്‍ ശ്രദ്ധ നേടുന്നത്. ഏലം, കുരുമുളക്, കാപ്പി, ജാതി എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകള്‍. ഇതിനൊപ്പം വിവിധയിനം പഴവര്‍ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാനും കൃഷിയിടത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനുമായി ചന്ദനമരം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളും ഇവിടെ നട്ടുപരിപാലിക്കുന്നു. പറമ്പിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ ജലസംഭരണികളില്‍ വിവിധയിനം മത്സ്യക്കൃഷിയും നടത്തുന്നുണ്ട്. ഈ കാര്‍ഷിക വൈവിധ്യമാണ് സജിയുടെ സംരംഭത്തെ വേറിട്ടുനിര്‍ത്തുന്നത്.
നാല് വര്‍ഷം മുമ്പാണ് കൃഷിയോടൊപ്പം 'അന്യൂസ് ഹോംസ്റ്റേ' എന്ന പേരില്‍ ടൂറിസം സംരംഭത്തിന്ന് സജി തുടക്കമിട്ടത്. ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയ ഇടമായി മാറിയ ഈ സംരംഭം നിലവില്‍ ജില്ലയിലെ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയ ഹോംസ്റ്റേകളില്‍ ഒന്നാണ്. പ്രകൃതിഭംഗിയും കൃഷിയിടത്തിന്റെ പച്ചപ്പും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളില്‍ പലരും പിന്നീട് കൃഷിരീതികള്‍ പഠിക്കാനും നേരിട്ട് പരിചയപ്പെടാനുമായി വീണ്ടും എത്താറുണ്ട്. വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിനൊപ്പം കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവും പ്രകൃതിയോടൊത്തുള്ള ജീവിതരീതിയും പരിചയപ്പെടുത്തുക കൂടിയാണ് ഈ സംരംഭകന്‍ ചെയ്യുന്നത്. കൃഷിയെ കേവലം ഉപജീവനമാര്‍ഗമായി മാത്രം കാണാതെ വിനോദസഞ്ചാരവുമായി എങ്ങനെ വിജയകരമായി ബന്ധിപ്പിക്കാം എന്നതിന് മികച്ച ഉദാഹരണമാകുകയാണ് സജി കൊച്ചിത്തറ.
What's Your Reaction?