പീരുമേട്ടില് രണ്ട് സിപിഐ നേതാക്കള് ആര്എസ്പിയില് ചേര്ന്നു
പീരുമേട്ടില് രണ്ട് സിപിഐ നേതാക്കള് ആര്എസ്പിയില് ചേര്ന്നു
ഇടുക്കി: പാര്ട്ടി നേതൃത്വത്തിലെ വിഭാഗീയതയിലും സ്ഥാനാര്ഥി നിര്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് പീരുമേട്ടില് സിപിഐ നേതാക്കള് രാജിവച്ച് ആര്എസ്പിയില് ചേര്ന്നു. സിപിഐ പീരുമേട് മണ്ഡലം സെക്രട്ടറിയേറ്റംഗവും കര്ഷക തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റിയംഗവുമായ പി രാജു, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും എല്ഡിഎഫ് കണ്വീനറുമായ തോമസ് ആന്റണി എന്നിവരാണ് രാജിവച്ചത്. ഇവരോടൊപ്പം പീരുമേട്, വണ്ടിപ്പെരിയാര്, കുമളി പഞ്ചായത്തുകളില് നിന്നായി നറിലേറെ പേര് ആര്എസ്പിയില് ചേരുമെന്ന് ഇരുവരും വാര്ത്താസമ്മേളനത്തില് അറിയിച്ചു. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില് വിജയസാധ്യത പരിഗണിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയത് പാര്ട്ടിയുടെ വന് പരാജയത്തിനിടയാക്കിയെന്ന് നേതാക്കള് ആരോപിച്ചു. കാല്നൂറ്റാണ്ടിലധികം പ്രവര്ത്തനപാരമ്പര്യമുള്ളവരെ ഒഴിവാക്കി ഇഷ്ടക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതില് പ്രതിഷേധിച്ച് മുമ്പ് 50 പേര് പാര്ട്ടി വിട്ടിരുന്നു. ജില്ലാ സെക്രട്ടറിയുടെയും കൂട്ടാളികളുടെയും പ്രവര്ത്തനശൈലിയില് പ്രതിഷേധിച്ചാണ് രാജിയെന്നും നൂറുകണക്കിന് പ്രവര്ത്തകര് പാര്ട്ടി വിട്ട് തങ്ങളോടൊപ്പം വരുമെന്നും പീരുമേട്ടില് ആര്എസ്പിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കുമെന്നും ഇരുവരും വ്യക്തമാക്കി.
What's Your Reaction?