ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തിഹീനം: മോപ്പ് സൂക്ഷിച്ചിരിക്കുന്നത് വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തിഹീനം: മോപ്പ് സൂക്ഷിച്ചിരിക്കുന്നത് വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മാലിന്യം തള്ളല്‍ കേന്ദ്രമായി മാറിയതോടെ രോഗികള്‍ക്ക് ദുരിതം. മുകളിലത്തെ നിലകളില്‍ ആശുപത്രി മാലിന്യം ഉള്‍പ്പെടെ ചാക്കുകളില്‍ നിറച്ച് അലക്ഷ്യമായി തള്ളിയ നിലയിലാണ്. സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിവരുന്ന ഭക്ഷണശാലയും വൃത്തിഹീനമാണ്. ലഘുഭക്ഷണശാലയ്ക്കുസമീപമുള്ള വാട്ടര്‍ പ്യൂരിഫയറിനുള്ളിലാണ് തറ വൃത്തിയാക്കുന്ന അഴുക്കുപിടിച്ച മോപ്പ് സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ കുടിക്കാന്‍ ശുദ്ധജലമില്ല.
ആശുപത്രിയിലെ മുഴുവന്‍ വാട്ടര്‍ പ്യൂരിഫയറുകളും പ്രവര്‍ത്തനരഹിതമാണ്. ഇതിലൊരു പ്യൂരിഫയറിനുള്ളിലാണ് മോപ്പ് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍നിന്ന് മലിനജലം ഇറ്റുവീഴുന്നത് അടിവശത്തായി സൂക്ഷിച്ചിട്ടുള്ള ബക്കറ്റിലേക്കാണ്. ആളുകള്‍ ഭക്ഷണവും ചായയും ലഘുഭക്ഷണവും കഴിക്കാനെത്തുന്ന ഭക്ഷണശാലയുടെ തൊട്ടടുത്താണിത്. ആശുപത്രിയിലെ താഴത്തെ നിലയും ഒന്നും രണ്ടും നിലകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അടഞ്ഞുകിടക്കുന്ന മറ്റ് നാല് നിലകള്‍ മാലിന്യം തള്ളല്‍ കേന്ദ്രമായി മാറിക്കഴിഞ്ഞു. ആശുപത്രി മാലിന്യം ഉള്‍പ്പെടെ ചാക്കുകളിലാക്കി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇവിടേക്കുള്ള കോണിപ്പടികളില്‍ പൊടിയും അഴുക്കും വലിച്ചെറിഞ്ഞ ബീഡിക്കുറ്റികളും മദ്യക്കുപ്പികളും കൂടിക്കിടക്കുന്നു. ചുവരുകളിലും പടികളിലും മുറുക്കിത്തുപ്പിയ പാടുകളാണ്. മെഡിക്കല്‍ കോളേജിനുള്ളില്‍ നടക്കുന്ന പുകവലിയും ലഹരി ഉപയോഗവും തടയാനും നടപടിയില്ല.
What's Your Reaction?