തമിഴ്‌നാട് സ്വദേശിനിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം: ഒന്നാംപ്രതിയുടെ സഹോദരനും അറസ്റ്റില്‍: മൃതദേഹം കത്തിക്കാന്‍ സഹായിച്ചതായി കണ്ടെത്തല്‍
തമിഴ്‌നാട് സ്വദേശിനിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം: ഒന്നാംപ്രതിയുടെ സഹോദരനും അറസ്റ്റില്‍: മൃതദേഹം കത്തിക്കാന്‍ സഹായിച്ചതായി കണ്ടെത്തല്‍
ഇടുക്കി: തമിഴ്‌നാട് സ്വദേശിനിയായ 18കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിയുടെ സഹോദരനും അറസ്റ്റിലായി. രാജകുമാരി ബി ഡിവിഷന്‍ അംബേക്കര്‍ ഉന്നതി സ്വദേശി നിഖില്‍ സതീഷിനെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി നിഷാന്തിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹോദരനാണ് നിഖില്‍. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യയാണ് കൊല്ലപ്പെട്ടത്. ഒന്നാംപ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനും പങ്കുള്ളതായി കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം ഒളിപ്പിക്കാനും പിന്നീട് കത്തിക്കാനും നിഖില്‍ സഹായിച്ചതായി കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പ്രതി ആവശ്യപ്പെട്ടപ്രകാരം തമിഴ്നാട്ടില്‍നിന്നെത്തിയ നിത്യയും, നിഷാന്തും തമ്മില്‍ വിവാഹത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതനായ നിഷാന്ത്, നിത്യയെ ബൈക്കില്‍ അരമനപ്പാറയിലെ ഏലത്തോട്ടത്തിലെത്തിച്ചശേഷം കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാനും മൃതദേഹം പെട്ടെന്ന് തിരിച്ചറിയാതിരിക്കാനുമായി പെണ്‍കുട്ടിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. സംഭവത്തിനുശേഷം സഹോദരന്‍ നിഖിലിനെയും വിളിച്ചുവരുത്തി. ഓട്ടോറിക്ഷയുമായി എത്തിയ നിഖിലിനോട് മൃതദേഹം മാറ്റാന്‍ സഹായം തേടി. തുടര്‍ന്ന് വാഹനത്തില്‍ മൃതദേഹവുമായി ഇരുവരും പുറപ്പെട്ടു. ചതുപ്പിലോ വെള്ളക്കെട്ടിലോ ഉപേക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും നീക്കം വിജയിക്കാതെവന്നതോടെ പാംബ്ലയിലെ വനമേഖലയിലെത്തിച്ച് കത്തിക്കാന്‍ തീരുമാനിച്ചു. ഇതിനായി തോട്ടപ്പുരയില്‍നിന്ന് പെട്രോള്‍ വാങ്ങി സ്ഥലത്തെത്തി മൃതദേഹം കത്തിച്ചു. കൊലപ്പെടുത്തിയതും മൃതദേഹം കത്തിച്ചതും ഒറ്റയ്ക്കാണെന്നായിരുന്നു നിഷാന്ത് പൊലീസിന് നല്‍കിയ മൊഴി. സാഹചര്യ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി.
പാംബ്ല ഡാമിനുസമീപം കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സിനും ചെക്ക്‌പോസ്റ്റിനും പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. നിത്യയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളും നഖത്തിലെ അടയാളങ്ങളും പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
What's Your Reaction?