ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടി: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതിയുടെ ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം 23ന്
ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടി: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതിയുടെ ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം 23ന്
ഇടുക്കി: ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടിയില്‍ തുടര്‍സമരത്തിന്റെ ഭാഗമായി ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതി 23ന് രാവിലെ 10ന് ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, ഈട്ടിത്തോപ്പ് വിജയമാതാ പള്ളി വികാരി ഫാ. ജോസഫ് പാറക്കടവില്‍, ബഥേല്‍ സെന്റ് ജേക്കബ് പള്ളി വികാരി ഫാ. ജോസഫ് നടൂപ്പടവില്‍, എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് വി കെ ശ്രീനിവാസന്‍, സിഎസ്ഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പീരുമേട്, എസ്എന്‍ഡിപി യോഗം ഈട്ടിത്തോപ്പ് ശാഖ പ്രസിഡന്റ് രാജന്‍ വെള്ളാപ്പള്ളി, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, സിപിഐ മണ്ഡലം കമ്മിറ്റിയംഗം ടി സി കുര്യന്‍, ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമലയില്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, ഇരട്ടയാര്‍, നെടുങ്കണ്ടം പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിക്കും.
43 വര്‍ഷമായി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി ഏകപക്ഷീയമായി ഇരട്ടയാറിലേക്ക് മാറ്റിയത് മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഒരുമാസത്തിലേറെയായി സമരം നടത്തിയിട്ടും ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി അവഗണിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാനോ പരിഹാരമുണ്ടാക്കാനോ ജനപ്രതിനിധികളും കലക്ടറും ഡിഎംഒയും തയാറായിട്ടില്ല. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബെന്നി കുഴികോടിയില്‍, ശ്രീകാന്ത് പേങ്ങാട്ടുതെക്കല്‍, പി ഡി മധു, രാജന്‍ വെള്ളാപ്പള്ളില്‍, വിനീത് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?