ശബരിമല വരവ് 241 കോടി: ക്ഷേത്ര നട 30ന് തുറക്കും
ശബരിമല വരവ് 241 കോടി: ക്ഷേത്ര നട 30ന് തുറക്കും

ഇടുക്കി: ശബരിമലയില്‍ മണ്ഡലകാലത്തെ വരവ് 241,71,21,711 രൂപ. കഴിഞ്ഞ തവണത്തെക്കാള്‍ 18,72,51,461 രൂപ കൂടുതലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തകലേലം വഴി ലഭിച്ച വരുമാനം കൂടി ഉള്‍പ്പെടും. 37,40,45,007 രൂപ ലേലത്തിലൂടെ ലഭിച്ചു. കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 41 ദിവസത്തെ മണ്ഡലകാലം സമാപിച്ചതോടെ മേല്‍ശാന്തി മഹേഷ് നമ്പൂതിരി ക്ഷേത്രം അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് ക്ഷേത്രം തുറക്കും.
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകിട്ട് പ്രാസാദ ശുദ്ധക്രിയകളും 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. 15നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചിന് നടതുറക്കും. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
What's Your Reaction?






