പുളിങ്കട്ട ഏഴാംനമ്പരിലെ സൂര്യാസ്തമയം ട്രന്‍ഡിങ്
പുളിങ്കട്ട ഏഴാംനമ്പരിലെ സൂര്യാസ്തമയം ട്രന്‍ഡിങ്

ഇടുക്കി: ഉപ്പുതറ പുളിങ്കട്ട ഏഴാം നമ്പര്‍ വ്യൂപോയിന്റിലെ സൂര്യാസ്തമയക്കാഴ്ച സഞ്ചാരികളുടെ മനം കവരുന്നു. വാഗമണ്ണിലേക്കുള്ള യാത്രയില്‍ സന്ദര്‍ശകരുടെ പ്രധാന ഇടത്താവളമായി ഇവിടം മാറിക്കഴിഞ്ഞു. സൂര്യാസ്തമയം കാണാന്‍ നിരവധിപേരാണ് വൈകുന്നേരങ്ങളില്‍ ഇവിടെ എത്തുന്നത്. ഉപ്പുതറ- വാഗമണ്‍ റൂട്ടിലുള്ള പുളിങ്കട്ട ഏഴാം നമ്പര്‍ വ്യൂപോയിന്റില്‍ വാഗമണ്‍ മലനിരകളുടെയും മൊട്ടക്കുന്നുകളുടെയും വിദൂരക്കാഴ്ചകള്‍ ആസ്വദിക്കാം. പച്ചവിരിച്ച തേയിലത്തോട്ടങ്ങളും കമുക് തോപ്പുകളും തടാകവുമെല്ലാം ഏവരെയും ആകര്‍ഷിക്കുന്നതാണ്. കൂടാതെ, വ്യൂപോയിന്റില്‍ നിന്ന് ചുരമിറങ്ങി എത്തുന്ന സ്ഥലവും സന്ദര്‍ശകരുടെ പ്രിയ ഇടമാണ്.
യുവാക്കളടക്കം ഇവിടേയ്ക്ക് എത്തിത്തുടങ്ങിയതോടെ വ്യൂപോയിന്റിന്റെ ദൃശ്യങ്ങളും മൊട്ടക്കുന്നുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ട്രന്‍ഡിങ് ആണ്. ഏറ്റവും ആകര്‍ഷകം ഇവിടുന്നുള്ള സൂര്യാസ്തമയ കാഴ്ചയാണ്.
നോക്കത്താദൂരത്ത് ആകാശം തൊട്ടുനില്‍ക്കുന്ന മലനിരകള്‍ക്കും മേഘപാളികള്‍ക്കും നിറംനല്‍കി സൂര്യന്‍ അസ്തമിക്കുന്ന കാഴ്ച ഏറെ ആസ്വാദ്യകരമാണ്.
ഏഴാംനമ്പറില്‍ നിന്ന് ഒരു വലിയ പ്രദേശമാകെ ഒറ്റനോട്ടത്തില്‍ കാണാനാകും. പുലര്‍കാലങ്ങളിലെ മൂടമഞ്ഞ് ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്.
What's Your Reaction?






