പുതുവയല്‍ പാലത്തിന്റെ കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം
പുതുവയല്‍ പാലത്തിന്റെ കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഏലപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതുവയല്‍ പാലത്തിന്റെ കൈവരികള്‍ പുനര്‍ നിര്‍മിക്കാന്‍ നടപടിയില്ല. 2018- ലെ പ്രളയത്തിലാണ് പുതുവയല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്. പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ പാലങ്ങളും പുനര്‍നിര്‍മിക്കുകയും കൈവരികള്‍ പുനസ്ഥാപിക്കുകയും ചെയ്തെങ്കിലും പുതുവയല്‍ പാലത്തിന്റെ കൈവരികള്‍ പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതി. കുറച്ച് നാളുകള്‍ക്ക് മുമ്പ് കൊച്ചുകുട്ടി കാല്‍വഴുതി പെരിയാറിലേക്ക് വീഴുകയും നീന്തല്‍ അറിയാവുന്നതുകൊണ്ട് മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. സ്‌കൂള്‍ കുട്ടികളും തോട്ടം തൊഴിലാളികളുമുള്‍പ്പെടെ നിരവധിപേരാണ് വള്ളക്കടവ് ഏലപ്പാറ ഭാഗങ്ങളിലേക്ക് പോകുന്നതിനായി ഈ പാലത്തെ ആശ്രയിക്കുന്നത്. അടിയന്തരമായി ത്രിതല പഞ്ചായത്തുകള്‍ ഇടപെട്ട് പാലത്തിന് കൈവരികള്‍ നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






