ജില്ലയില്‍ മഴക്കെടുതികളെ നേരിടാന്‍  തദ്ദേശസ്ഥാപനങ്ങള്‍ സജ്ജം

ജില്ലയില്‍ മഴക്കെടുതികളെ നേരിടാന്‍  തദ്ദേശസ്ഥാപനങ്ങള്‍ സജ്ജം

Jul 31, 2024 - 00:41
Jul 31, 2024 - 00:42
 0
ജില്ലയില്‍ മഴക്കെടുതികളെ നേരിടാന്‍  തദ്ദേശസ്ഥാപനങ്ങള്‍ സജ്ജം
This is the title of the web page

ഇടുക്കി: മഴ ശക്തമായതോടെ മഴക്കെടുതികളെ നേരിടാന്‍  തദ്ദേശസ്ഥാപനങ്ങള്‍ സജ്ജം. അടിയന്തര സാഹചര്യത്തില്‍ സേവനത്തിനായി ആര്‍ആര്‍ടി സംഘങ്ങളുടെ സേവനം ലഭ്യമാകും. പുഴകളിലും കൈത്തോടുകളിലും  നീരൊഴുക്ക് വര്‍ധിച്ചതോടെ  ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചു. മണ്ണിടിച്ചില്‍ അടക്കം ഉണ്ടാവുന്ന സാഹചര്യത്തില്‍ ജെസിബി അടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് അവ എത്രയും വേഗം നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും.  ഒപ്പം ഓഫ് റോഡ് ജീപ്പുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ മഴ കെടുതികള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍  സ്വീകരിച്ചിട്ടുണ്ടെന്നും,  കക്കാട്ടുകട അഞ്ചുരുളി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടില്‍ വ്യക്തമാക്കി.  

മഴ ശക്തമായതോടെ കട്ടപ്പന ആറ്റില്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.  പല മേഖലയിലും പാലങ്ങള്‍ക്കൊപ്പമാണ് ജലനിരപ്പ്. ആറിന്റെ തീരത്തുള്ള കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ജലനിരപ്പുയരാനാണ് സാധ്യത. അതിനാല്‍ ജനങ്ങള്‍ അനാവശ്യമായി ആറുകളുടെയും തോടുകളുടെയും സമീപത്ത് പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും,  മണ്‍ഭിത്തികളുടെ സമീപത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ, നില്‍ക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  മലയിടക്കുകളില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ സജീവമായതോടെ നിരവധി ആളുകള്‍ ഫോട്ടോ ചിത്രീകരിക്കാനും റില്‍സുകള്‍ പകര്‍ത്താനും  വെള്ളച്ചാട്ടങ്ങളുടെ സമീപത്ത് നില്‍ക്കുന്ന  സാഹചര്യമുണ്ട്. മലമുകളില്‍ നിന്നും ശക്തമായി ഒഴുകി   എത്തുന്ന വെള്ളത്തില്‍ പാറ അടക്കമുള്ള വസ്തുക്കളും താഴേക്ക് പതിക്കുന്നതിനാല്‍ ഇത് വലിയ അപകടകരമാണ്. ഇത്തരത്തിലുള്ള  പ്രവണതകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഒപ്പം അഞ്ചുരുളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലെ സന്ദര്‍ശനം  പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow