തേങ്ങാക്കല്‍ എസ്റ്റേറ്റില്‍ ശൗചാലയം തകര്‍ന്ന് തൊഴിലാളിക്ക് പരിക്ക്
തേങ്ങാക്കല്‍ എസ്റ്റേറ്റില്‍ ശൗചാലയം തകര്‍ന്ന് തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിലും കാറ്റിലും തേങ്ങാക്കല്‍ പോബ്‌സണ്‍ എസ്റ്റേറ്റിലെ ലയത്തിലെ ശൗചാലയം തകര്‍ന്നുവീണ് തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു. പുതുക്കാട് ഡിവിഷനില്‍ ജോലി ചെയ്യുന്ന മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മേഖലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച മഴ പുലര്‍ച്ചെവരെ നീണ്ടു. ഒരാഴ്ച മുമ്പ് മഞ്ചുമല ഡിവിഷനിലെ മറ്റൊരു ലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരുവയസുകാരിക്ക് പരിക്കേറ്റിരുന്നു. പീരുമേട് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എസ്റ്റേറ്റുകളിലെ ലയങ്ങളും ജീര്‍ണാവസ്ഥയിലാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്താതെ ചോര്‍ന്നൊലിക്കുന്നു. വിഷയത്തില്‍ തൊഴില്‍ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പഞ്ചായത്തംഗം ഗീത ചെല്ലദുരൈ, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






