എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഭൂപ്രശ്‌നങ്ങള്‍ രൂക്ഷമാക്കി: ജോയി വെട്ടിക്കുഴി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഭൂപ്രശ്‌നങ്ങള്‍ രൂക്ഷമാക്കി: ജോയി വെട്ടിക്കുഴി

Aug 20, 2024 - 23:34
 0
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഭൂപ്രശ്‌നങ്ങള്‍ രൂക്ഷമാക്കി: ജോയി വെട്ടിക്കുഴി
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകളും വകുപ്പുതല തീരുമാനങ്ങളും കോടതിയില്‍ കപടപരിസ്ഥിതി വാദികള്‍ക്ക് പരോക്ഷമായി സഹായം നല്‍കിയതും ഹൈറേഞ്ചിലെ ഭൂപ്രശ്‌നം രൂക്ഷമാക്കിയെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്ത മുഖ്യമന്ത്രിക്കും എം എം മണി എംഎല്‍എയ്ക്കും ദൈവം പോലും മാപ്പുനല്‍കില്ല. 10 വര്‍ഷംമുമ്പ് എം എം മണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ നേതാക്കള്‍ ഭൂവിഷയത്തില്‍ ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് മുതലെടുപ്പ് നടത്തി. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവരാല്‍ വഞ്ചരിക്കപ്പെട്ട ജനങ്ങളുടെ രോദനമാണിപ്പോള്‍ ഉയരുന്നത്.
എം എം മണി മന്ത്രിയായിരുന്ന 2019ലാണ് നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിലെ മതികെട്ടാന്‍ ചോലയുടെ ബഫര്‍സോണ്‍ ഒരുകിലോമീറ്ററാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഒപ്പിട്ടയാള്‍ക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ചിന്നക്കനാലിലെ റവന്യൂഭൂമി വനഭൂമിയാക്കി മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചുവെന്ന് സമരസമിതി യോഗത്തില്‍ പ്രഖ്യാപനം നടത്തിയ മുന്‍മന്ത്രി ഈ ഉത്തരവ് മരവിച്ചോ അതോ പ്രാബല്യത്തിലായോ എന്ന് വ്യക്തമാക്കണം. എം എം മണി താമസിക്കുന്ന കുഞ്ചിത്തണ്ണി വില്ലേജിലെ റവന്യൂഭൂമി വനഭൂമിയാക്കിയത് പോലും ചെറുക്കാന്‍ കഴിയാശത വീമ്പടിച്ചും ഉദ്യോഗസ്ഥരെ പുലഭ്യം പറഞ്ഞും കഴിവില്ലായ്മ മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിയും.
ഭൂപതിവ് ഭേദഗതി നിയമത്തിലൂടെ നിര്‍മാണ നിരോധനം പിന്‍വലിക്കുമെന്ന 2019ലെ വാഗ്ദാനം നാളിതുവരെയും നടപ്പാക്കിയിട്ടില്ല. റവന്യൂഭൂമി നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കേണ്ടതിനുപകരം വനഭൂമിയാക്കി ഉത്തരവുകള്‍ ഇറക്കുന്നു. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിട നിര്‍മാണം തടഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി ജനങ്ങള്‍ താമസിക്കുന്ന പട്ടയം ഇല്ലാത്ത സ്ഥലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ പ്രവേശനം നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. വന്യമൃഗ ആക്രമണം തടയുന്നതിന് ചെ ചെറുവിരല്‍ പോലും അനക്കാത്ത, ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൃത്യമായി നഷ്ടപരിഹാരം പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ ഭാഗമായ എം എം മണി ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നതിന്റെ അന്തസത്ത മനസിലാകുന്നില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തടിയൂരാനുള്ള എല്‍ഡിഎഫ് നേതാക്കളുടെ ശ്രമം അവസാനിപ്പിച്ച് ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow