ഏലക്ക വ്യാപാരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്: പരാതിയുമായി നിരവധി കർഷകർ രംഗത്ത്
ഏലക്ക വ്യാപാരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്: പരാതിയുമായി നിരവധി കർഷകർ രംഗത്ത്

ഇടുക്കി : ഏലക്ക വ്യാപാരത്തിന്റെ മറവിൽ കോടികൾ തട്ടിയതായി പരാതി. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറിന്റെ പേരിലാണ് കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്, കൊമ്പിടിഞ്ഞാൽ, പണിക്കൻകുടി, മുനിയറ, രാജാക്കാട് പഞ്ചായത്തിലെ ബൈസൺവാലി, രാജാക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും നിരവധിപേർ പരാതിയുമായി രംഗത്തുവന്നത്. കർഷകരിൽ നിന്നും ഏലയ്ക്കാ വാങ്ങി അവധി വ്യാപാരത്തിലൂടെ വലിയ തുക ലാഭം നൽകുമെന്ന് വ്യവസ്ഥയിൽ ആയിരത്തിലധികം പേരോട് ഉത്പ്പന്നം വാങ്ങിയതാണ് പരാതി. 2023ഒക്ടോബർ മുതലാണ് കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാൽ കേന്ദ്രീകരിച്ച് എൻ ഗ്രീൻ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രവർത്തമാരംഭിച്ചത് . ശേഷം അടിമാലി കേന്ദ്രീകരിച്ച് മറ്റൊരു ഓഫീസ് കൂടി പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽകൃത്യമായി വില നൽകിയിരുന്ന മുഹമ്മദ് വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റി. മാർക്കറ്റ് വിലയിൽ നിന്നും കിലോയ്ക്ക് 500 രൂപ മുതൽ 1000 രൂപ വരെ അധികം നൽകിയുള്ള ഇടപാടുകൾ നിലവിലുള്ള കർഷകർ കൂടുതൽ പേരെ ഇയാളിയിലേക്ക് എത്തിക്കുവാനും സഹായിച്ചു.
എന്നാൽ പിന്നീട് ഇടപാടുകൾ കൃത്യമല്ലാതാവുകയും ഏലയ്ക്ക നൽകിയ നിരവധി പേർക്ക് പണം നൽകാതെ വരികയും ചെയ്തതോടെയാണ് നാട്ടുകാർക്ക് സംശയമായത്' .50000 രൂപ മുതൽ ഒരു കോടി രൂപവരെ ലഭിക്കാനുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ ഒരു രൂപ പോലും ബാക്കിയില്ലാതെ മുഴുവൻ പേരുടെയും പണം നൽകുമെന്നുള്ള ശബ്ദ സന്ദേശങ്ങൾ ഇയാൾ നൽകുന്നുണ്ട്.
അതേസമയം ഒരു വ്യക്തി മാത്രം നടത്തിയ തട്ടിപ്പായി കരുതുന്നില്ലെന്നും ഇയാളുടെ പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായും, ചതിവിൽപെട്ട നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും പാറത്തോട് സെൻറ് ജോർജ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു. ടൺ കണക്കിന് ഏലക്കായ് പ്രദേശത്തുനിന്ന് കയറി പോയിട്ടുണ്ട്. ഏലയ്ക്കാ വിറ്റ് കിട്ടിയ തുക എവിടേക്ക് പോയി എന്നും ലക്ഷക്കണക്കിന് രൂപ പണമായിത്തന്നെ കൈമാറുന്ന ഇയാളുടെ പണത്തിന്റെ സ്രോതസ്സും, ഇതിനു പിന്നിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടോ എന്നും ഉൾപ്പെടെയുള്ള ശക്തമായ അന്വേഷണം ഉണ്ടാവണമെന്നും ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു. സംഭവം പുറത്തായതോടെ പണം നഷ്ടപ്പെട്ട നിരവധി പേർ ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിനെ സന്ദർശിച്ച് പരാതി നൽകിയിട്ടുണ്ട്. ഇയാൾ തട്ടിയെടുത്ത തുകയെ സംബന്ധിച്ചും മറ്റ് ഇടപാടുകളെ സംബന്ധിച്ചും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






