കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പത്താം വാര്‍ഷികത്തിലേക്ക്
കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പത്താം വാര്‍ഷികത്തിലേക്ക്

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പത്താം വാര്‍ഷികത്തിലേക്ക്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു അഭയ കേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയാണിത്. 365 ദിവസവും 24 മണിക്കൂര്‍ സേവനം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കുന്നു. സമൂഹത്തിന്റെ വിവിധ കോണുകളിലേക്ക് സ്‌നേഹിതയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അംഗങ്ങള്‍. ഇടുക്കി ജില്ലയില്‍ 2015 ല്‍ തങ്കമണിയിലാണ് സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്.
സ്ത്രീകളോടുള്ള വിവേചനം പലരീതിയിലും പല മേഖലകളിലും പ്രകടമാണ്. അത്തരത്തിലെ സമകാലീന സംഭവങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളിലേക്കും നീങ്ങുന്നു. തൊഴില്‍ പങ്കാളിത്തത്തിലും സ്ത്രീകള്‍ ഏര്‍പ്പെടുന്ന തൊഴിലിന്റെ സ്വഭാവത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ കൂലി വ്യവസ്ഥയിലുമെല്ലാം വിവേചനവും പലതരത്തിലുള്ള അക്രമങ്ങളും പ്രതിഫലിച്ച് കാണാന്‍ സാധിക്കും. ഇത്തരത്തില്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള അഭയകേന്ദ്രമാണ് സ്‌നേഹിത.
കൗണ്‍സിലിംഗ്, നിയമസഹായം, അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായം , അതിക്രമങ്ങളെത്തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയവര്‍ക്കും യാത്രക്കിടയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും താല്‍ക്കാലിക അഭയം, അതിജീവിതത്തിനും ഉപജീവനത്തിനുമുള്ള മാര്‍ഗം കണ്ടെത്തുന്നതിനുള്ള സഹായം, മാനസിക പിന്തുണ പ്രചോദന ക്ലാസുകള്‍ , സ്ത്രീ സുരക്ഷ ലിംഗ സമത്വം കടമകള്‍- ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍, 24 മണിക്കൂര്‍ ടെലി കൗണ്‍സിലിംഗ്, വിവിധ ആവശ്യങ്ങളുമായി കേന്ദ്രത്തെ സമീപിക്കുന്നവര്‍ക്ക് തുടര്‍ സേവനം ലഭ്യമാക്കുക, മനുഷ്യ കടത്തിന് ഇരയാകുന്നവര്‍ക്ക് പിന്തുണ തുടങ്ങിയവയാണ് സ്‌നേഹിതയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍. 180042522667 എന്ന നമ്പറില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കുമായി ബന്ധപ്പെടാം .
What's Your Reaction?






