അഞ്ചുരുളി ആദിവാസി സങ്കേതത്തിലേയ്ക്കുള്ള പാത ഗതാഗതയോഗ്യമാക്കണം: മന്ത്രി ഒ.ആര്‍ കേളുവിന് നിവേദനം നല്‍കി.
അഞ്ചുരുളി ആദിവാസി സങ്കേതത്തിലേയ്ക്കുള്ള പാത ഗതാഗതയോഗ്യമാക്കണം: മന്ത്രി ഒ.ആര്‍ കേളുവിന് നിവേദനം നല്‍കി.

ഇടുക്കി: അഞ്ചുരുളി ആദിവാസി സങ്കേതത്തിലേക്കുള്ള പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന് നിവേദനം നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. ജില്ലയിലെ പാതകളെല്ലാം ഹൈടെക് നിലവാരത്തിലേക്ക് ഉയരുമ്പോഴും ചെളികുണ്ടിലൂടെയാണ് മേഖലയിലെ നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്നത്. 50 ആദിവാസി കുടികളിലായി 200 ലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ആകെയുള്ളത് ഈ മണ്‍ വഴി മാത്രമാണ്. മഴ പെയ്യുന്നതോടെ ഈ വഴികളിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമാകുന്ന സാഹചര്യത്തില്‍ വാര്‍ഡ് ഫണ്ട് ഉപയോഗിച്ച് മക്കിട്ട് നിരത്തുന്നത് പതിവാണ്. എന്നാല്‍ ഇതൊന്നും ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിയില്ല. യാത്ര ക്ലേശം രൂക്ഷമായ ഏതാനും ഇടങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍ ഏഴു കിലോമീറ്റര്‍ അധികം ദൈര്‍ഘ്യമുള്ള പാതിയില്‍ ചില ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് ഒഴിച്ചാല്‍ ബാക്കിയുള്ളവ തീര്‍ത്തും യാത്രായോഗ്യമല്ല .ഏകദേശം ആറുമാസം മുമ്പ് ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് അടക്കം പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റ് ഓഫീസില്‍ നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായി യാതൊരുവിധ തുടര്‍നടപടിയോ അറിയിപ്പുകളോ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്. മേഖലയിലെ ആളുകള്‍ക്ക് വനാവകാശമടക്കം ഉണ്ടെങ്കിലും ഗതാഗതസംവിധാനങ്ങളുടെ അഭാവം ആളുകളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും രോഗബാധയേത്തുടര്‍ന്ന് ആശുപത്രിയില്‍ പോകണമെങ്കില്‍ ഏഴു കിലോമീറ്റര്‍ യാത്രയ്ക്ക് വേണ്ടിവരുന്നത് മണിക്കൂറുകളാണ്. ആംബുലന്‍സുകളോ മറ്റ് വാഹനങ്ങളോ ഇവിടേക്ക് കടന്നു വരാനും ഏറെ ബുദ്ധിമുട്ടാണ്. കൃത്യസമയത്ത് ആശുപത്രിയിലെത്താന്‍ സാധിക്കാതെ ഈ പാതയില്‍ തന്നെ മരണമടക്കം ഉണ്ടായിട്ടും ഉണ്ട്. അതോടൊപ്പം റോഡിന്റെ ശോച്യാവസ്ഥ മൂലം മേഖലയിലെ നിരവധി കുട്ടികള്‍ പഠനം നിര്‍ത്തി. മന്ത്രിക്കടക്കം നിവേദനം നല്‍കിയ സാഹചര്യത്തില്‍ അഞ്ചുരുളി സെറ്റില്‍മെന്റ് റോഡിന് ശാപമോക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും കുടുംബങ്ങളും.
What's Your Reaction?






