സിഎച്ച്ആര്‍ വിഷയത്തില്‍ എംപിയുടെ കള്ളപ്രചാരണം അവസാനിപ്പിക്കണം: കര്‍ഷക സംഘം
സിഎച്ച്ആര്‍ വിഷയത്തില്‍ എംപിയുടെ കള്ളപ്രചാരണം അവസാനിപ്പിക്കണം: കര്‍ഷക സംഘം

ഇടുക്കി: സിഎച്ച്ആര്‍ വിഷയുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് കര്‍ഷക സംഘം ജില്ലാ കമ്മിറ്റി. ഈ വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് എന്നും ജനങ്ങള്‍ക്കുവേണ്ടി ശരിയായ നിലപാട് സ്വീകരിട്ടുള്ളത്. 1958ല്‍ ഇഎംഎസ് സര്‍ക്കാര്‍ സിഎച്ച്ആര്‍ ഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ സിഎച്ച്ആര്‍ സംബന്ധിച്ച കേസ് 2002ലാണ് സുപ്രീംകോടതിയില്‍ ആരംഭിക്കുന്നത്. അന്ന് കേരളം ഭരിക്കുന്നത് യുഡിഎഫാണ്. ഈ കാലയളവില്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന് അഞ്ച് തവണ കത്ത് നല്‍കിയിരുന്നെങ്കിലും ഒരുതവണ പോലും പ്രതികരണം അറിയിച്ചില്ല. ഇതിനുശേഷം പലപ്രാവശ്യം സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഘട്ടത്തിലൊന്നും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. 2006 ഫെബ്രുവരി 8ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടുന്ന ഉപസമിതി യോഗം ചേര്‍ന്നു. ആ മീറ്റിംഗിന്റെ തീരുമാനം അനുസരിച്ച് 344 ചതുരശ്ര മൈല്‍ വനമാണെന്ന് ഉറപ്പിച്ച് സിഎച്ച്ആറിനെ സംബന്ധിച്ച് സത്യവാങ്മൂലം കൊടുക്കാന്‍ തീരുമാനം എടുത്തു. എന്നാല്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ തീരുമാനമാക്കാന്‍ കഴിഞ്ഞില്ല.
പിന്നീടെത്തിയ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയം പരിഗണിച്ചു. ക്യാബിനറ്റ് തീരുമാനമനുസരിച്ച് സിഎച്ച്ആറിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി രേഖകള്‍ തയ്യാറാക്കി. ഈ രേഖ അനുസരിച്ച് ഏലമല പ്രദേശം(സിഎച്ച്ആര്‍) ഒരിക്കലും വനത്തിന്റെ തുടര്‍ച്ചയാകില്ലെന്നും വേറിട്ടു നില്‍ക്കുന്ന പ്രദേശമാണെന്നും വ്യക്തമാക്കി. 1897 ആഗസ്റ്റ് മാസം 24 ലെ തിരുവിതാകൂര്‍ മഹാരാജാവിന്റെ വിജ്ഞാപന പ്രകാരം 15720 ഏക്കര്‍ വനമായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും ആ വനം അതുപോലെ തന്നെ നിലനില്‍ക്കുന്നുവെന്നും വ്യക്തത വരുത്തി. 1822 മുതലുള്ള ചരിത്രം, തിരുവിതാംകൂര്‍ മഹാരാജാവ് മുതല്‍ കേരള സര്‍ക്കാര്‍ അന്നുവരെ നടത്തിയിട്ടുള്ള നിയമ നിര്‍മാണങ്ങളുടെയും തീരുമാനങ്ങളുടെയും രേഖകളുടെ പിന്‍ബലത്തോടുകൂടി കൃത്യമായ വിവരങ്ങളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാന്‍ വി.എസ്. സര്‍ക്കാര്‍ തയ്യാറാക്കിയത്. കൂടുതല്‍ പഠനം നടത്താന്‍ ക്യാബിനറ്റ് സബ്കമ്മിറ്റിയെ നിയോഗിച്ചു. റവന്യു മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍, അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം എക്സൈസ് വകുപ്പ് മന്ത്രി പി.കെ. ഗുരുദാസന്‍, നിയമ വകുപ്പ് മന്ത്രി എം. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റി ഈ സ്റ്റേറ്റ്മെന്റ് അംഗീകരിച്ചു. 18.04.2007ല്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ 1007-ാം നമ്പര്‍ തീരുമാനമനുസരിച്ച് ഈ സത്യവാങ്മൂലം 2007 നവംബര്‍ 10 ന് അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. ഈ സത്യവാങ്മൂലത്തില്‍ മുന്‍പ് പറഞ്ഞ രേഖകളുടെ അടിസ്ഥാനത്തില്‍ ഏലമല പ്രദേശം വനമല്ല എന്ന് കൃത്യമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ 2006 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന എ. സുജനപാല്‍ എംഎല്‍എമാരായിരുന്ന ജോണി നെല്ലൂരിനും ടി.എം. ജേക്കബിനും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ സിഎച്ച്ആര്‍ വനമാണെന്ന് നിലപാട് സ്വീകരിച്ചു. വി.ഡി സതീശനും പി.ടി. തോമസും ഉള്‍പ്പടെയുള്ള ഹരിത എംഎല്‍എമാരെല്ലാം ഏലമല പ്രദേശം വനമാണെന്ന് എല്ലാക്കാലത്തും നിലപാട് സ്വീകരിട്ടുള്ളവരാണ്.
ടി.എം. ജേക്കബ് അന്നത്തെ ഗവര്‍ണറായിരുന്ന ആര്‍.എല്‍ ഭാട്ടിയയ്ക്ക് 2005 ല്‍ നല്‍കിയ നിവേദനത്തില്‍ 344 ചതുരശ്ര മൈല്‍(ഉദ്ദേശം 215726 ഏക്കര്‍) വനമാണെന്നും വാദിച്ചു. യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിയ ഈ വാദഗതികളെല്ലാം സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന പരിസ്ഥിതി സംഘടന കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഹാജരാക്കിട്ടുണ്ട്.
പിന്നീട് ഈ കേസ് സുപ്രീം കോടതിയില്‍ സജീവമായ പരിഗണനയ്ക്ക് വരുന്നത് 2021 ന് ശേഷമാണ്. ആ ഘട്ടത്തില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന് അഭിഭാഷകനായ ജഗദീപ് ഗുപ്തയെ കേസ് നടത്തിപ്പിന്റെ ചുമതല പിണറായി സര്‍ക്കാര്‍ ഏല്‍പ്പിക്കുകയും ഏലമല പ്രദേശം റവന്യൂ ഭൂമിയാണെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടും പരിസ്ഥിതി സംഘടനകള്‍ കൊടുത്ത രേഖകളുടെയും വ്യക്തത വരുത്തുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 2023 ഒക്ടോബര്‍ മാസം 23-ാം തീയതി സംസ്ഥാന സര്‍ക്കാരിനുവേണ്ടി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ ഒപ്പിട്ട സത്യവാങ്മൂലം നല്‍കി. ആ സത്യവാങ്മൂലത്തിലും സംസ്ഥാന സര്‍ക്കാര്‍ അടിവരയിട്ടു പറയുന്നത് ഏലമല പ്രദേശം ഒരു ഘട്ടത്തിലും വനം വകുപ്പിന്റെ കയ്യിലല്ല, അത് പൂര്‍ണമായും റവന്യു വകുപ്പിന്റെ കൈവശമാണ് എന്നാണ്. ആ പ്രദേശത്ത് നിലനില്‍ക്കുന്ന മരങ്ങളുടെ സംരക്ഷണ ചുമതല മാത്രം വനം വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി നടത്തണമെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന 2024 ഏപ്രില്‍ മാസത്തില്‍ നല്‍കിയ സത്യവാങ്മൂലത്തിലും 15720 ഏക്കര്‍ ഭൂമി മാത്രമാണ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് വനമായി വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ബാക്കി റവന്യു ഭൂമിയാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ഈ വസ്തുതകള്‍ പരിശോധിച്ചാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ എക്കാലത്തും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്ന് വ്യക്തമാണ്. 2002 ല്‍ കേസ് സുപ്രീം കോടതിയില്‍ വന്ന നാള്‍ മുതല്‍ കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നേതാക്കന്‍മാരെ വെള്ളപുശുന്നതിനായിട്ടാണ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കള്ളപ്രചരണങ്ങളുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. കര്‍ഷകരെ കുടിയിറിക്കിയതും മാധവ് ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നതും ഇഎസ്എ വിജ്ഞാപനം ഇറക്കിയതും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാ യിരുന്നു. രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള എംപിയുടെ വ്യാജപ്രചരണത്തിന് പിന്നാലെ പോകുന്നവര്‍ വസ്തുതകള്‍ മനസിലാക്കാന്‍ തയ്യാറാകണമെന്ന് കര്‍ഷക സംഘം നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്രസിഡന്റ് എന്‍.വി. ബേബി, നേതാക്കളായ മാത്യു ജോര്‍ജ്, എം.ജെ വാവച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






