ഇടുക്കി: ജില്ലയിലെ ആദ്യത്തെ ടോള്‍ പ്ലാസ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം ലാക്കാട് കുരിശടിക്കു സമീപം പ്രവര്‍ത്തനമാരംഭിച്ചു. പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങി. ആന്ധ്രയില്‍ നിന്നുള്ള കമ്പനിയാണു ടോള്‍ പിരിവ് നടത്തുന്നത്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റര്‍ ഭാഗം 371.83 കോടി രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. ടോള്‍ പ്ലാസ നിര്‍മാണം നേരത്തെ പൂര്‍ത്തിയായെങ്കിലും സാങ്കേതികപ്രശ്‌നങ്ങളും നാട്ടുകാരുടെ എതിര്‍പ്പും മൂലം തുറന്നുപ്രവര്‍ത്തിക്കാനായിരുന്നില്ല.
ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകള്‍ 340 രൂപയ്ക്ക് പ്രതിമാസ പാസെടുത്ത് സഞ്ചരിക്കാം. കാര്‍, ജീപ്പ്, മറ്റു ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേയ്ക്ക് 35 രൂപയും ഇരുവശങ്ങളിലേക്ക് 55 രൂപയും നല്‍കണം. മിനി ബസ്(60-90), ബസ്, ട്രക്ക്(125-185), ഭാരവാഹനങ്ങള്‍(195-295), ഏഴില്‍ കൂടുതല്‍ ആക്സിലുള്ള വലിയ വാഹനങ്ങള്‍(240-355) എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.