ഇരട്ടയാര്‍ - ശാന്തിഗ്രാം പാലം: അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍
ഇരട്ടയാര്‍ - ശാന്തിഗ്രാം പാലം: അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍

ഇടുക്കി: ഇരട്ടയാര്‍ - ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. സര്‍വ്വീസ് ബസുകളും ചെറുവാഹനങ്ങളുമെല്ലാം ദീര്‍ഘദൂരം വഴി മാറി സഞ്ചരിച്ച് പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അതിനാല്‍ എത്രയും വേഗം പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ച് ഗതാഗതം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇരട്ടയാര്‍ - ശാന്തിഗ്രാം, ഇരട്ടയാര്‍ തോവാള പാലങ്ങളുടെ ശോച്യാവസ്ഥ നിരവധി തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വിഭാഗവും ജനപ്രതിനിധികളും വിഷയത്തിന്റെ ഗൗരവം മനസിലാക്കി ബഡ്ജറ്റിലുള്‍പ്പെടെ തുക വകയിരുത്തിയിരുന്നെങ്കിലും പാലത്തിന്റെ പുനര്‍നിര്‍മാണം മാത്രം നടന്നില്ല. സര്‍വീസ് ബസുകളും സ്‌കൂള്‍ ബസുകളും തടി ലോറിയും ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയില്‍ ഉള്‍പ്പെടുന്നതാണ് ഈ പാലം. ശാന്തിഗ്രാമില്‍ നിന്നും ഇരട്ടയാര്‍ ടൗണിലെത്തേണ്ടവര്‍ ഇരട്ടയാര്‍ നോര്‍ത്തുവഴിയോ കാല്‍ നടയായോ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇരട്ടയാര്‍, ശാന്തിഗ്രാം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കൃഷി, വില്ലേജ് ഓഫീസുകളിലെ ജീവനക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവരൊക്കെയാണ് യാത്രാദുരിതം കൂടുതലായി അനുഭവിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിലവില്‍ പാലത്തിലൂടെ കടന്നുപോകുന്നത്. മറ്റു ചെറു വാഹനങ്ങളും ഓട്ടോറിക്ഷ ടാക്‌സിയുമെല്ലാം പാലത്തിന്റെ ഇരുഭാഗങ്ങളിലും ആളെ ഇറക്കി പോകുന്ന സ്ഥിതിയാണ്.
What's Your Reaction?






