സിഎച്ച്ആറില്‍ പട്ടയം തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവ്: ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നു
സിഎച്ച്ആറില്‍ പട്ടയം തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവ്: ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നു

ഇടുക്കി: ഏലമലക്കാടുകളില്‍(കാര്‍ഡമം ഹില്‍ റിസര്‍വില്‍-സിആച്ച്ആര്‍) പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ജില്ലയില്‍ വീണ്ടും ഭൂപ്രശ്‌നങ്ങള്‍ കലുഷിതമാക്കുമോയെന്ന് ആശങ്ക. വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സിഎച്ച്ആര്‍ മേഖലയില്‍ പുതുതായി ഏലം കൃഷി ചെയ്യാന്‍ പാടില്ലെന്നും നിലവിലുള്ള തുടരുന്നതിന് തടസമില്ലെന്നും ഉത്തരവിലുണ്ട്. സിഎച്ച്ആര്‍ റവന്യൂഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പട്ടയവിതരണ വിലക്കിനെ എതിര്‍ത്തില്ല. നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്ന് കമ്പം കാര്‍ഡമം ഗ്രോവേഴ്‌സ് യൂണിയനുവേണ്ടി വി. ഗിരി, റോയി എബ്രഹാം എന്നിവര്‍ കോടതിയില്‍ വാദിച്ചു. ഇതിനു തടസ്സമില്ലെന്നു ജഡ്ജിമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കേസ് ഡിസംബറില്‍ പരിഗണിക്കും.
സിഎച്ച്ആറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകള്‍ അമ്പരപ്പിക്കുന്നതാണെന്ന് അമിക്കസ്‌ക്യൂറി കെ. പരമേശ്വര്‍ വാദം വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും. 2007ല്‍ സുപ്രീം കോടതി നോട്ടിസയച്ച ശേഷം മാത്രം അരലക്ഷത്തോളം പട്ടയങ്ങള്‍ നല്‍കിയെന്നും ഭൂരഹിത കര്‍ഷകര്‍ക്കു ഭൂമി അനുവദിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകളിലാണ് ആശങ്കയെന്നും അമിക്കസ്‌ക്യൂറി പറഞ്ഞു.
സിഎച്ച്ആര്‍ റവന്യു ഭൂമിയെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിലുള്ളത്. മരം മുറിക്കാന്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും വനഭൂമിയായി കരുതാനാകില്ലെന്നും പറയുന്നു. 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' മുമ്പ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോഴും വാദം തുടരുന്നത്. സിഎച്ച്ആര്‍ വനഭൂമിയാണെന്നും പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
What's Your Reaction?






