ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ ഹിയറിങ് നവംബര്‍ 6ന്
ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ ഹിയറിങ് നവംബര്‍ 6ന്

ഇടുക്കി: ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ ഹിയറിങ് നവംബര്‍ 6ന് നടക്കും. ദേവികുളം സബ് കലക്ടറുടെ ഓഫീസില്‍ തിങ്കളാഴ്ച നടന്ന ഹിയറിങ്ങില്‍ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയ ചിലരും ഇവരുടെ 4 അഭിഭാഷകരും പങ്കെടുത്തു. കഴിഞ്ഞ 14ന് സ്ഥലമുടമകളുടെ ആദ്യ ഹിയറിങ് സബ് കലക്ടറുടെ ഓഫീസില്‍ നടത്തിയിരുന്നു. നോട്ടിസ് ലഭിച്ച 49 പേരില്‍ 41 പേരാണ് ആദ്യത്തെ ഹിയറിങ്ങില്‍ പങ്കെടുത്തത്. ഹിയറിങ്ങില്‍ പങ്കെടുത്തവര്‍ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പട്ടയ ഫയലും പരിശോധിച്ചതില്‍ അപാകതകള്‍ കണ്ടെത്തിയതായി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ പട്ടയവും, തണ്ടപ്പേരും റദ്ദു ചെയ്യാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് തിങ്കളാഴ്ച നടത്തിയ വിചാരണയില്‍ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വസ്തു ഉടമകള്‍ക്ക് റവന്യു വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ രേഖാമൂലം പട്ടയ ഉടമകളെ അറിയിക്കണമെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്നും ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ തിങ്കളാഴ്ചത്തെ ഹിയറിങ്ങില്‍ ആവശ്യപ്പെട്ടു. 1971ന് മുന്‍പ് കൈവശ ഭൂമിയില്‍ കൃഷി ചെയ്ത വീടുവച്ച് താമസിക്കുന്നവര്‍ക്കുമാണ് 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കുന്നത്. എന്നാല്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട ചൊക്രമുടിയില്‍ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താല്‍ ചൊക്രമുടിയില പട്ടയങ്ങളും തണ്ടപ്പേരും റദ്ദ് ചെയ്യാനാണ് റവന്യു വകുപ്പിന്റെ നീക്കം
What's Your Reaction?






