അഞ്ചുരുളി 'ക്ലീന്‍' ആക്കി കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗം: മൂന്നുദിവസങ്ങളിലായി ജലാശയത്തില്‍ നിന്ന് ശേഖരിച്ചത് 300 ചാക്ക് മാലിന്യം
അഞ്ചുരുളി 'ക്ലീന്‍' ആക്കി കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗം: മൂന്നുദിവസങ്ങളിലായി ജലാശയത്തില്‍ നിന്ന് ശേഖരിച്ചത് 300 ചാക്ക് മാലിന്യം

ഇടുക്കി: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കി കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗം. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മൂന്നുദിവസമായി നടന്നുവന്ന ശുചീകരണത്തില്‍ 300 ചാക്ക് മാലിന്യമാണ് ജലാശയത്തില്‍ നിന്ന് ശേഖരിച്ചത്. കട്ടപ്പന നഗരസഭാപരിധിയിലൂടെ ഒഴുകുന്ന കട്ടപ്പനയാറില്‍ നിന്നാണ് കൂടുതലായി മാലിന്യം അണക്കെട്ടിലെത്തുന്നത്. കൂടാതെ, ഇരട്ടയാര്‍ ഡൈവേര്‍ഷന്‍ ഡാമില്‍ നിന്നുള്ള തുരങ്കംവഴിയും അഞ്ചുരുളിയില്‍ മാലിന്യമെത്തുന്നു. കരാര്‍ തൊഴിലാളികള്‍ വള്ളം ഉപയോഗിച്ചാണ് അഞ്ചുരുളി തുരങ്കമുഖത്തുനിന്ന് വെള്ളം പതിക്കുന്ന ഭാഗത്തും കട്ടപ്പനയാര്‍ ഒഴുകിയെത്തുന്ന ഭാഗത്തുമായി അടിഞ്ഞുകൂടിയ മാലിന്യം ശേഖരിച്ചത്. പ്ലാസ്റ്റിക്, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ചില്ലുകുപ്പികള്‍ തുടങ്ങിയവ ശേഖരിച്ചു. ഇവ കാഞ്ചിയാര്‍ പഞ്ചായത്ത് ഹരിതകര്‍മ സേനയ്ക്ക് കൈമാറും. മുന്‍വര്‍ഷങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ശുചീകരണം നടത്തിയിട്ടുണ്ടെങ്കിലും ഡാംസേഫ്റ്റി വിഭാഗം ശുചീകരണ യജ്ഞം നടത്തുന്നത് ഇതാദ്യമായാണ്. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ബുധനാഴ്ച ആരംഭിച്ച ശുചീകരണത്തില്‍ പ്രതിദിനം നൂറു ചാക്ക് മാലിന്യമാണ് ശേഖരിച്ചുവന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ അവസാനിപ്പിച്ചു. ജലസ്രോതസുകളില്‍ മാലിന്യം ഒഴുക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്തണമെന്നും ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കണമെന്നും കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഹുല്‍ രാജശേഖരന്‍ പറഞ്ഞു.
What's Your Reaction?






