കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്: പ്രതിയുമായി ക്രൈംബ്രാഞ്ച് തെളിവെടുത്തു
കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്: പ്രതിയുമായി ക്രൈംബ്രാഞ്ച് തെളിവെടുത്തു

ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികള്‍ തിരിമറി നടത്തിയും ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ മുന്‍ ഗോള്‍ഡ് അപ്രൈസര്‍ ജീവനക്കാരനെ തെളിവെടുപ്പിനായി കട്ടപ്പനയിലെത്തിച്ചു. പ്രതിയായ കട്ടപ്പന കൊല്ലംപറമ്പില്‍ കെ ജി അനില്‍കുമാറുമായി ബാങ്ക് ശാഖയില്‍ ഇടുക്കി ക്രൈംബ്രാഞ്ച് തെളിവെടുത്തു. ഇയാള്‍ കഴിഞ്ഞ 11ന് കട്ടപ്പന ഒന്നാം മജിസ്ട്രേറ്റ് കോടതി ജഡ്ജ് മുമ്പാകെ കീഴടങ്ങിയിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പ് പുറത്തായത്. കട്ടപ്പനയില്‍ വര്‍ഷങ്ങളായി പഴയസ്വര്‍ണം തിരിച്ചെടുത്ത് ഉരുക്കി പുതിയത് പണിതുനല്‍കുന്ന ജോലി ചെയ്തിരുന്നയാളാണ് അനില്‍. സൗഹൃദം മുതലെടുത്ത് 14പേരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ബാങ്കില്‍ സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി. കൂടാതെ, ഇടപാടുകാര്‍ പണയംവയ്ക്കാന്‍ ഏല്‍പ്പിച്ച ആഭരണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വച്ചു. ഫെബ്രുവരി 19ന് ബാങ്കില്‍ നടന്ന ഓഡിറ്റില്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇടപാടുകരെ ഫോണില്‍ വിളിച്ച് പണം തിരിച്ചടയ്ക്കണമെന്ന് അറിയിച്ചു. ഇവര്‍ ബാങ്ക് ശാഖയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.
What's Your Reaction?






