കാഞ്ചിയാർ പഞ്ചായത്തിൽ വികസന - ക്ഷേമ പദ്ധതികൾ മുടങ്ങി: യുഡിഎഫ്
കാഞ്ചിയാർ പഞ്ചായത്തിൽ വികസന - ക്ഷേമ പദ്ധതികൾ മുടങ്ങി: യുഡിഎഫ്

ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിൽ വികസന, ക്ഷേമ പദ്ധതികൾ അവതാളത്തിലാണെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുകൾ പോലും മാസങ്ങളായി വിതരണം ചെയ്യുന്നില്ല. ഗ്രാമീണ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. സർക്കാർ നൽകേണ്ട രണ്ടും മൂന്നും ഗഡു തുക യഥാസമയം നൽകാത്തതാണ് വിനയായത്. ഫെബ്രുവരിയിൽ പൂർത്തീകരിച്ച കോൺക്രീറ്റ് ജോലികളുടെ ഒരു കോടിയോളം രൂപയുടെ ബില്ലുകൾ മാർച്ച് 22ന് നൽകിയെങ്കിലും പണമില്ലെന്ന കാരണത്താൽ മടക്കിയയച്ചു. ഇതുമൂലം കരാറുകാരും പ്രതിസന്ധിയിലായി. മാസങ്ങൾക്ക് മുൻപ് ടെൻഡർ ചെയ്ത വാർഡുകളിലെ റോഡ് ടാറിങ് നാളിതുവരെ പൂർത്തികരിച്ചിട്ടില്ല. വാർഡുകളിലെ റോഡുകൾ പൂർണമായും തകർന്ന് യാത്ര ദുരിതപൂർണമാണ്. അതിദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റുകൾ 2 മാസത്തിലേറെയായി വിതരണം ചെയ്യാത്തതിനാൽ നിർധന കുടുംബങ്ങൾ ദുരിതത്തിലായി.ലൈഫ് പദ്ധതി അവതാളത്തിലായതോടെ 2020ൽ പട്ടികയിൽ ഇടംപിടിച്ച ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പോലും വീട് ലഭിച്ചിട്ടില്ല. വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള സ്ട്രീറ്റ് മെയിൻ പദ്ധതിയും മുടങ്ങി. വികസന, ക്ഷേമ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് അംഗങ്ങളായ ജോമോൻ തെക്കേൽ, ഷാജിമോൻ വേലംപറമ്പിൽ, റോയി എവറസ്റ്റ്, ലിനു ജോസ്, ഷിജി സിബി, സന്ധ്യ ജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
What's Your Reaction?






